photo

പഴയങ്ങാടി: മത്സ്യസമൃതിയുടെ അലയൊലികൾ നിറഞ്ഞ കാലമുണ്ടായിരുന്നു പുതിയങ്ങാടിയിലെ ഈ തീരത്തിന്. കടപ്പുറത്തെ തിരമാലകളുടെ താളവും മേളവും ഇഴുകിച്ചേർന്ന് കരയിൽ നിന്നുള്ള മത്സ്യബന്ധന രീതിയായ കരവല ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. മീറ്ററുകളോളം നീളമുള്ള വലകൾ കരയോട് ചേർന്നുള്ള കടൽഭാഗങ്ങളിൽ ഇറക്കി രണ്ട് ഭാഗങ്ങളിൽ നിന്നായി കരയിലേക്ക് വലിച്ച് കയറ്റുന്ന മത്സ്യബന്ധന രീതിയാണ് കരവലി. ഇതിനായി പത്ത് മുതൽ ഇരുപത്തോളമോ അതിൽ അധികമോ മത്സ്യത്തൊഴിലാളികൾ ആണ് അണിനിരക്കുന്നത്.

ജൂൺ,ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് കരവലി സജീവമാകുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കടൽ പ്രക്ഷുബ്ദമാകുന്ന ഈ മാസങ്ങളിൽ കരയിൽ നിന്ന് സുരക്ഷിതമായി മത്സ്യം പിടിക്കാം എന്നതിനാലാണ് തൊഴിലാളികൾ കരവലയെ ആശ്രയിച്ചിരുന്നത്. കരവലിയിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങൾക്ക് ജീവനുണ്ടാകും എന്നതിനാലും പലതരം മത്സ്യങ്ങൾ ഉണ്ടാകും എന്ന കാരണത്താലും കരവലി സമയത്ത് മത്സ്യം വാങ്ങുന്നതിനായി കടപ്പുറത്ത് ധാരാളം ആളുകൾ എത്താറുണ്ട്. തൊഴിലാളികൾ മുഴക്കുന്ന ആരവവും നാടൻ പാട്ടുകളും ഈ സമയത്ത് കടപ്പുറത്ത് ഉത്സവഛായ തന്നെ തീർക്കുന്നു. മത്സ്യങ്ങൾക്ക് പുറമെ വിവിധയിനം കടൽജീവികളെയും വസ്തുക്കളെയും കരവലിയിൽ ലഭിക്കുന്നു.

പല അപൂർവ്വ വസ്തുക്കളും കരവലയിൽ നിന്ന് ലഭിച്ചതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മത്സ്യബന്ധന രീതിയിലും മാറ്റം വന്നതോടെ പുതിയങ്ങാടി കടപ്പുറത്ത് കരവലി അന്യം നിന്നു. കരവലികളിൽ ഏർപ്പെട്ടവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ലാത്തതും ഉള്ളവർ ആധുനിക രീതിയിലുള്ള മത്സ്യബന്ധന രീതികൾ അവലംബിക്കുകയും ചെയ്തതോടെയാണ് കരവലി എന്ന നാടൻ മത്സ്യബന്ധന രീതി നാട് നീങ്ങിയത്. ഇന്ധന-യന്ത്രസാമഗ്രികളുടെ അധിക ചെലവിൽ മത്സ്യബന്ധന മേഖല തളരുന്ന കാലത്ത് ചെലവില്ലാത്ത ആ നാടൻ രീതിയെ ഓർമ്മയിൽ സൂക്ഷിക്കുന്ന നിരവധി പേർ ഈ തീരത്ത് ഇപ്പോഴുമുണ്ട്.