
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനങ്ങൾക്കും യോഗങ്ങൾക്കും വീടു കയറിയുള്ള വോട്ട് തേടലിനും കൊവിഡ് വിലങ്ങിട്ടതോടെ, ഓൺലൈനിൽ അങ്കം കുറിച്ച് മുന്നണികൾ. വെർച്വൽ പ്രചാരണത്തിനുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്.
സി.പി.എമ്മിന്
നവമാദ്ധ്യമ സെൽ
എല്ലാ ഏരിയാകമ്മിറ്റികളിലും നവമാധ്യമ സ്റ്റുഡിയോകൾക്കു സി.പി.എം സംസ്ഥാന കമ്മിറ്റി രൂപം നല്‍കി. പ്രചാരണം ഇതു വഴിയാവും. ജില്ലാ, ഏരിയ തലത്തിൽ ഫേസ്ബുക്ക് വഴി വെബിനാറുകൾ, ക്ളാസുകൾ, പ്രഭാഷണപരമ്പര എന്നിവ നടത്തിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ഫേസ്ബുക്ക് കുട്ടായ്മയും പ്രചാരണത്തിനായുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടികളുമാണ് ഈ ഘട്ടത്തിൽ പങ്കു വയ്ക്കുന്നത്.
ജനശക്തിയുമായി
കോൺഗ്രസ്
കോൺഗ്രസ് 'ടെലഗ്രാം' ആപ്ലിക്കേഷൻ വഴി ജനശക്തി കൂട്ടായ്മയുണ്ടാക്കിയാണ് ഓൺലൈൻ പ്രചാരണരംഗത്ത് സജീവമാകുന്നത്. കെ.പി.സി.സി, ഡി.സി.സി തലത്തിൽ നിയന്ത്രണം. ബ്ളോക്ക്, മണ്ഡലം, വാർഡ് തലത്തിൽ റിസോഴ്‌സ് പേഴ്‌സനെ നിയമിച്ചുകഴിഞ്ഞു. ഒരു പഞ്ചായത്ത് വാർഡിൽ നാല് പേരും കോർപ്പറേഷൻ, നഗരസഭ തലത്തിൽ പത്തുപേരുമാണ് സംഘത്തിൽ. മൊബൈൽ ആപ്പ് വഴി പാർട്ടി പ്രവർത്തകരെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ ഗ്രൂപ്പിൽ തീരുമാനിക്കുന്ന പ്രാദേശിക പ്രചാരണ വിഷയങ്ങൾ പാർട്ടിക്കു പുറത്തുള്ളവരും ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക്. മേൽനോട്ടത്തിനായി ജില്ലാ, നിയോജക മണ്ഡലം തലത്തിൽ ചുമതലക്കാർ. ഒരാൾക്കു രണ്ട് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ പ്രത്യേക സോഫ്ട് വെയർ വഴി കണ്ടെത്താനുള്ള സംവിധാനവും തയ്യാർ. കണ്ണൂർ ജില്ലയിലെ പാനൂർ ബ്ളോക്കിൽ ഇതു നടപ്പാക്കി.
ബി.ജെ.പി
വെർച്വൽ റാലി
എല്ലാ ജില്ലകളിലും വെർച്വൽറാലി നടത്തിയാണ് ബി.ജെ.പിയുടെ മുന്നൊരുക്കം. വാർഡ് തലം വരെ മാനേജിംഗ് കമ്മിറ്റികൾ രൂപീകരിച്ചു. വാർഡ് കമ്മിറ്റിയിൽ ഒരാൾക്ക് ഐ.ടി ചുമതല. ഓരോ വാർഡിലെയും പാർട്ടി പ്രവർത്തകർ, അനുഭാവികളല്ലാത്തവർ എന്നിവരുടെയെല്ലാം വാട്‌സാപ്പ് നമ്പർ ശേഖരിച്ചു, ഇവർക്ക് പാർട്ടി പരിപാടികളുടെയും പ്രചാരണത്തിന്റെയും ലിങ്ക് അയച്ചുകൊടുക്കും.