
കാഞ്ഞങ്ങാട്: അന്തിമ ഘട്ടത്തിലെത്തിയ കോട്ടച്ചേരി റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഗർഡർ സ്ഥാപിക്കുന്നതിന് തടസമായി റെയിൽവേ വൈദ്യുതി പോസ്റ്റ്. ഇത് മാറ്റാൻ അപേക്ഷ നൽകി ഒരു വർഷമായെങ്കിലും പരിഹാരമായില്ല. റെയിൽവേ സേഫ്റ്റി വിഭാഗത്തിന്റെ അനുമതി കിട്ടിയിട്ടും വൈകിപ്പിക്കുന്നത് പാലം നിർമ്മാണത്തെ ബാധിക്കും.
പാളത്തിന്റെ ഇരുഭാഗത്തും പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇനി റെയിൽവേ പാളത്തിനു മുകളിലുള്ള പണി മാത്രമാണ് ബാക്കി. റെയിൽവേ തന്നെയാണ് ഇത് ചെയ്യുന്നത്. ബാക്കി ഭാഗം മേൽപാലം കരാറുകാരായ കൊച്ചിയിലെ ജിയോ ഫൗണ്ടേഷനാണ് നിർമ്മിക്കുന്നത്.
റെയിൽവേ പാളത്തിന് മുകളിൽ ഗർഡർ സ്ഥാപിക്കാനായി ഇരുഭാഗത്തും തൂണുകൾ നിർമ്മിച്ചു. എന്നാൽ ഗർഡർ സ്ഥാപിക്കണമെങ്കിൽ വൈദ്യുതി തൂൺ മാറ്റണം. അപ്രോച്ച് റോഡ് നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. പാലത്തിന്റെ പാർശ്വ ഭിത്തി പൂർത്തീകരിച്ച ഭാഗത്ത് മണ്ണിട്ടുള്ള റോഡ് നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. 750 ലോഡ് മണ്ണാണ് ഇതിനായി അനുവദിച്ചത്. റോഡ് നിർമാണത്തിനായി ഇനിയും മണ്ണു വേണ്ടി വരും. ആവിക്കര മുതൽ കോട്ടച്ചേരി വരെ റോഡും പാലവും അടക്കം ആകെ 900 മീറ്ററോളമാണ് നീളം. പാലത്തിന്റെ നീളം 280 മീറ്ററും വീതി 10.15 മീറ്ററുമാണ്. പാലത്തിനു മുകളിൽ ഏഴര മീറ്റർ വീതിയിൽ റോഡും ബാക്കി നടപ്പാതയുമാണ്. റെയിൽ പാളത്തിന്റെ ഇരുവശത്തേക്കും ഇറങ്ങാനും കയറുവാനും ചവിട്ടുപടി നിർമിക്കും.