krishi
തലശ്ശേരിയിലെ വ്യാപാരികളുടെ ഹൈടെക്ക് കൃഷിയിടം ഉദ്ഘാടനദിനത്തിൽ

തലശ്ശേരി: കൊവിഡ് വ്യാപനത്തിൽ നട്ടെല്ല് തകർന്ന വ്യാപാര മേഖല അതിജീവനത്തിനായി കൃഷിയിടങ്ങളിലേക്ക്.തലശ്ശേരി നഗര മദ്ധ്യത്തിലെ ടി.സി.മുക്ക്, ചിറക്കര പ്രദേശങ്ങളിൽ മൂന്നിടങ്ങളിലായി പാട്ടത്തിനെടുത്ത നാല് ഏക്കറിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫെയർ സൊസൈറ്റി ഹൈടെക് പഴംപച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്.

നഗരത്തിലെ ജനങ്ങൾക്ക് വിഷരഹിത പഴം പച്ചക്കറികളും ഇതര ഭക്ഷ്യവസ്തുക്കളും ഇനി ഇവിടെയുള്ള പ്രത്യേക കൗണ്ടറിയുടെ ലഭ്യമാകും.നിഷാദ് മാരാരിക്കുളത്തിന്റെ മേൽനോട്ടത്തിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം തുടങ്ങിയ ഹൈടെക്ക് കൃഷി ആരംഭിച്ചത്, മണ്ണ് പരിശോധനയും ഗുണനിലവാരവും ഉറപ്പ് വരുത്തിയതിന് ശേഷം ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ കൃഷിനടത്തുന്നത്. 48 ദിവസങ്ങൾക്കൊണ്ട് ഉത്പ്പാദനം നടത്താൻ കഴിയുംവിധമാണ് വിദഗ്ധരുടെ നിർദ്ദേശാനുസരണം ക്രമീകരണം നടത്തിയിട്ടുള്ളത്.ഇവിടെ വച്ചു തന്നെ ഇതിന്റെ വിൽപ്പനയും നടക്കും. പൊതുജനങ്ങൾക്ക് അനുവദിക്കപ്പെട്ട പ്രത്യേക സമയത്ത് കൃഷിയിടം സന്ദർശിക്കാനും, ഉൽപ്പന്നങ്ങൾ വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

തക്കാളി മുതൽ ബീറ്റ് റൂട്ട് വരെ
തക്കാളി, പച്ചമുളക്, വെണ്ട, പയർ, പാവൽ, പടവലങ്ങാ കുക്കുമ്പർ, ചീര, കുറ്റിപ്പയർ, കാബേജ്, ബീറ്റ് റൂട്ട്, കാന്താരി. പപ്പായ, ചേന, ക്വാളിഫ്ളവർ, കാരറ്റ്, തുടങ്ങിയ മിക്കവാറും ഇനങ്ങളെല്ലാം ആദ്യഘട്ടത്തിൽ തന്നെ കൃഷിയിറക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഇതര ഭക്ഷ്യവസ്തുക്കളുടെ ഉത്പ്പാദനവും തുടങ്ങും. പൊതുജനങ്ങളിൽ ഗതകാല കേരളീയ കൃഷി പരമ്പര്യത്തിന്റേയും, ജീവിത ശൈലി രോഗങ്ങൾ പെരുകുന്നതിനെക്കുറിച്ചും അവബോധമുണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് സംഘാടകർ കരുതുന്നു.കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ്.അനിൽകുമാർ ഓൺ ലൈൻ വഴിയാണ് ഈ അത്യാധുനിക കൃഷിയിടം ഉദ്ഘാടനം ചെയ്തത്.


'വ്യാപാര മേഖലയുടെ നിലനിൽപ്പിനുമപ്പുറം സാമൂഹ്യ പ്രതിബദ്ധതയിലധിഷ്ഠിതമാണ് ഈ വിഷരഹിത ജൈവകൃഷിയുടെ ലക്ഷ്യം"-വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫെയർ സൊസൈറ്റി അദ്ധ്യക്ഷൻ ജവാദ് അഹമ്മദ്