kovid

മാഹി: മാഹി,പള്ളൂർ പോലീസ് സ്റ്റേഷനുകളിലെ എസ്.ഐ. ഉൾപ്പെടെയുള്ള പൊലീസുകാരും ആരോഗ്യ പ്രവർത്തകരും അടക്കം 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിൽ ആശങ്കയേറി. പള്ളൂർ ടൗണിലടക്കം ലോക്ക് ഡൗണിലെ ഇളവ് മുതലെടുത്ത് പൂർണമായും കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ചതാണ് കാര്യങ്ങൾ ഇത്രയേറെ വഷളായതിന് പിന്നിലെന്നാണ് നാട്ടുകാർ തന്നെ പറയുന്നത്.
ഉൾനാടൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത 'ബാറുകളടക്കം മയ്യഴിയിലെ കൊവിഡ് വ്യാപനത്തിന് പിന്നിലുണ്ട്. ഇവിടങ്ങളിൽ നടക്കുന്ന വൻതുക വച്ചുള്ള ചീട്ടുകളിയും കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. കടുത്ത നിയമങ്ങൾ നിലനിൽക്കുമ്പോഴും, പല സ്ഥലങ്ങളിലും വീടുകളിൽ വിവാഹ,പിറന്നാൾ, സൽക്കാരങ്ങൾ എന്നിവ ആഘോഷപൂർവം നടക്കുന്നതാണ് മറ്റൊരു കാരണം. ഇങ്ങിനെ നടന്ന ചില വീടുകളിൽ മുഴുവൻ പേർക്കും, പങ്കെടുത്തവർക്കും കൊവിഡ് സ്ഥിരീകരിച്ച സംഭവങ്ങളും മാഹിയിൽ കുറവല്ല.
അതിനിടെ മാഹിയിൽ രോഗവിമുക്തി നേടിയ രണ്ട് പേർക്ക് വീണ്ടും കോവിഡ് വന്നതായി അറിയുന്നു. മാഹിയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും, പള്ളുരിലെ പൊലീസുകാരനുമാണ് വീണ്ടും രോഗം പിടിപെട്ടത്.ഇത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

അംഗബലക്കുറവിൽ പരുങ്ങി പൊലീസ്

ക്രമസമാധാന പാലത്തിന് നിയോഗിക്കാൾ മാഹി പോലീസിന് അംഗസംഖ്യയില്ലാത്ത അവസ്ഥയാണുളളത്.എസ്.പി, സി.ഐ, ഓഫീസുകളും നാല് പൊലിസ് സ്റ്റേഷനുകളുമുള്ള മാഹിയിൽ മൊത്തം 140 പൊലീസുകാരാണ് നിലവിലുള്ളത്.അതിൽ 31 പൊലീസുകാർക്കും രോഗം ബാധിച്ചു. പലരുടേയും കുടുംബാംഗങ്ങളും ചികിത്സയിലാണ്. പന്തക്കൽ പൊലീസ് സ്റ്റേഷനിലെ മുഴുവൻ പേർക്കും കൊവിഡ് പിടിപെട്ടിരുന്നു. ഓഫീസ് ഡ്യൂട്ടി, ട്രാഫിക് നിയന്ത്രണം കോടതി ഡ്യൂട്ടി എന്നിവ കഴിഞ്ഞാൽ ക്രമസമാധാന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ ആളില്ലാത്ത അവസ്ഥയാണ് മാഹിയിൽ.
ആശുപത്രികളും, സ്‌കൂളും, ലോഡ്ജുകളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കെ, വീടുകളിൽ തന്നെ പലരും ചികിത്സയിലാണ്. അതിനിടെ മയ്യഴി തിരുന്നാൾ ആഘോഷം കൂടിയായതോടെ പൊലീസുകാർക്ക് ശ്വാസം വിടാൻ പോലും കഴിയാത്ത അവസ്ഥയാണ്