bankalam-
ബങ്കളത്തെ കുഞ്ഞിക്കണ്ണനും ഗംഗാധരനും

കാസർകോട്: ശവദാഹം നടത്താൻ രണ്ടും കൽപ്പിച്ച് ഇറങ്ങി ജീവിതം മറന്നുപോയ രണ്ടു 'മീശക്കാർ' ഉണ്ട് മടിക്കൈ ബങ്കളത്ത്. എഴുപത് പിന്നിട്ട ബങ്കളം മാന്തോട്ടെ എം. കുഞ്ഞിക്കണ്ണനും കുട്ടപ്പുന്നയിലെ 61 കാരൻ പാലക്കാൽ ഗംഗാധരനും. ഈ പ്രദേശത്ത് ആരു മരിച്ചാലും മൃതദേഹം സംസ്‌കരിക്കാൻ സജ്ജരായി ഇരുവരും ഉണ്ടാകും. ഏതു പാതിരാത്രിയിൽ ചെന്നു വിളിച്ചാലും മടിയില്ലാതെ എത്തി കർമ്മനിരതരാകും.

ആരും നിർബന്ധിച്ചല്ല ഈ കർമ്മം കുഞ്ഞിക്കണ്ണനും ഗംഗാധരനും ഏറ്റെടുക്കുന്നത്. സ്വയം സമർപ്പണമാണിവരുടേത്. ജാതിയും മതവും നോക്കാതെ നാലു പതിറ്റാണ്ടായി ഇവർ ഇങ്ങനെയാണ്. ഒരു ദിവസം തന്നെ നാലും അഞ്ചും ശവദാഹം നടത്തേണ്ടിവന്നിട്ടുണ്ട്. ബങ്കളം, കക്കാട്ട് പ്രദേശങ്ങളിൽ കിണർ കുഴിക്കുന്ന തൊഴിൽ എടുത്തുവന്നവരാണ് രണ്ടുപേരും. അതും 30 രൂപ കൂലിയുണ്ടാകുമ്പോൾ തുടങ്ങിയത്. മരണവീടുകളിൽ സഹായികളായി പോകുമായിരുന്ന ഇവർ 1981 ജൂണിൽ മരണമടഞ്ഞ ബങ്കളത്തെ പി. കൊട്ടൻ കുഞ്ഞിയുടെ മൃതദേഹം ദഹിപ്പിച്ചു കൊണ്ടായിരുന്നു തുടങ്ങിയത്. പിന്നീടങ്ങോട്ട് സ്വന്തം കാര്യം മാറ്റിവെച്ചു ഇത്തരം കർമ്മങ്ങളിൽ മുഴുകി മാതൃകയായി.

മരങ്ങൾ വെട്ടിയെടുത്തു പച്ചവിറക് കീറി വെച്ച് ചിരട്ട പാകും. തടുപ്പയും കറ്റോലയും കൊണ്ട് വീശി കത്തിക്കും. എത്ര വൈകിയാലും മൃതദേഹം കത്തിത്തീർന്നാലെ കുളിച്ചു വീട്ടിലേക്ക് പോകുകയുള്ളു. എന്നാൽ മരണവീടുകളിലെ അടിയന്തിരം, സഞ്ചയനം തുടങ്ങിയ ചടങ്ങുകൾക്ക് വിളി വന്നാൽ ഇരുവരും പോകില്ല. തങ്ങളുടെ കർമ്മത്തിന് ഒറ്റ രൂപ പ്രതിഫലം വാങ്ങില്ല. ഒരു ചായ പോലും കുടിക്കാനും നിൽക്കില്ല. പ്രായാധിക്യം കാരണം കുഞ്ഞിക്കണ്ണന് ഇപ്പോൾ കൂലിപ്പണിക്ക് പോകാൻ കഴിയുന്നില്ല. അവിവാഹിതരാണ് ഇരുവരും. ഒറ്റക്ക് തന്നെയാണ് ഇരുവരുടെ താമസവും.

ഫയർഫോഴ്സും പൊലീസുമൊക്കെ ഇവരുടെ സേവനം തേടാറുണ്ട്. അണക്കെട്ടിൽ വീണുമരിച്ച നാട്ടുകാരിൽ ഒരാളുടെ മൃതദേഹം എടുക്കാൻ ഫയർഫോഴ്‌സ് തോറ്റിടത്ത് ഇവരാണ് സാഹസികമായി ഇറങ്ങി പുറത്തെടുത്തത്. നല്ല മഴക്കാലത്ത് കുഴിയിൽ നിന്ന് വെള്ളം കോരിമാറ്റി ശവദാഹം നടത്തിയ അനുഭവവും ഇവർക്കുണ്ട്.

ശവദാഹ കർമ്മം കഴിഞ്ഞു ശരീരശുദ്ധി വരുത്തി വീട്ടിൽ എത്തിയ ഉടനെ എം. കുഞ്ഞിക്കണ്ണൻ മരിച്ചവരുടെ പേരും തീയതിയും പുസ്തകത്തിൽ കുറിക്കും. ഈ വിധത്തിൽ 40 കൊല്ലം മുമ്പ് മരിച്ചയാളുടെ പേരും തീയതിയും വരെ കുഞ്ഞിക്കണ്ണന്റെ ഡയറിയിലുണ്ട്.

പന്തയത്തിൽ തോറ്റു മീശ വളർത്തി

1978 ലെ തിരഞ്ഞെടുപ്പിൽ ചിക്ക്മംഗളൂർ മണ്ഡലത്തിൽ ഇന്ദിരാഗാന്ധി തോൽക്കുമെന്ന് കുഞ്ഞിക്കണ്ണൻ ബങ്കളത്തെ പ്രഭാകരൻ, പരേതനായ കുഞ്ഞിരാമൻ എന്നിവരുമായി പന്തയം വെച്ചു. മീശ ആയിരുന്നു പന്തയ വസ്തു. ഇന്ദിരാഗാന്ധി ജയിച്ചു കുഞ്ഞിക്കണ്ണൻ തോറ്റു. പിന്നീട് ഇദ്ദേഹം മീശ വടിച്ചിട്ടില്ല. കൂട്ടുകാരനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഗംഗാധരനും മീശ വളർത്തി. ഇരുവരും ബങ്കളത്തെ കൊമ്പൻ മീശക്കാരായി.