കൂത്തുപറമ്പ്: വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 24 കോൽ ആഴമുള്ള കിണറിൽ ഇറങ്ങി സാഹസം കാട്ടിയ കണ്ണവം വെങ്ങളം കോളനിയിലെ പി. അർച്ചന കൃഷ്ണൻ ഇപ്പോൾ നാട്ടിലെ താരമാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു വീട്ടുകിണറ്റിൽ വീണ വളർത്തുപൂച്ചയെ രക്ഷപ്പെടുത്താൻ 19 കാരിയായ അർച്ചന കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങിയത്.
കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ വഴികൾ പലതുണ്ടാകാം.പക്ഷേ, ദൈന്യതയാർന്ന ഒരു നിലവിളി 24 കോൽ താഴ്ചയിൽ നിന്നു കാതുകളിൽ വന്നലച്ചപ്പോൾ കണ്ണവം വെങ്ങളം കോളനിയിലെ ആരാമത്തിൽ അർച്ചനയുടെ മനസ്സിൽ തെളിഞ്ഞത് സാഹിസകമായ ഈ വഴി മാത്രമായിരുന്നു. സ്വന്തം ജീവനെക്കുറിച്ച് ആവലാതിയില്ലാതെ പൂച്ചയെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. പൂച്ചയെ രക്ഷപ്പെടുത്തിയെങ്കിലും കൽപ്പടവുകളിലെ വഴുക്കൽ കാരണം കുടുങ്ങിയ അർച്ചനയെ ഒടുവിൽ അഗ്നിശമനസേനയുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. കൂത്തുപറമ്പിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിരുദ ചരിത്ര വിദ്യാർത്ഥിനിയാണ് അർച്ചന.
സിവിൽ ഡിഫൻസ് സേനയിലേക്കും ക്ഷണം
അഗ്നിശമന സേന ഓഫീസർ പി.ഷനിത്ത് അർച്ചനയെ സേനയുടെ സന്നദ്ധസേനാവിഭാഗമായ സിവിൽ ഡിഫൻസ് അംഗമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അർച്ചനയുടെ സാഹസികത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കൂത്തുപറമ്പിലെ പി.എസ്.സി കോച്ചിംഗ് സെന്ററിൽനിന്ന് അധികൃതർ അർച്ചനയെ തേടിയെത്തി. സാഹസികതയും ധൈര്യവുമുള്ള പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ മത്സര പരീക്ഷയിൽ സൗജന്യ പരിശീലനം നൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
നീന്തലറിയാത്ത അർച്ചനയ്ക്ക് തുണയായത് ഫയർഫോഴ്സ്...
നീന്തലറിയാത്ത അർച്ചനയെ രക്ഷിക്കാൻ ഫയർഫോഴ്സ് വേണ്ടി വന്നു. പടവുകളിൽ വഴുക്കൽ കാരണം തിരിച്ചുകയറാനുള്ള അർച്ചനയുടെ ശ്രമം പാളി. അഞ്ചു കോൽ വെള്ളമുള്ള കിണറ്റിൽ അരമണിക്കൂർ കുടുങ്ങിയ അർച്ചനയെ കൂത്തുപറമ്പ് ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. അപ്പോഴും ആ പൂച്ചയെ അർച്ചന ചേർത്തുപിടിച്ചിരുന്നു. ആവശ്യമായ സുരക്ഷാ മുൻകരുതലുകളില്ലാതെ ആരും ഇത്തരം സാഹസിക പ്രവർത്തനങ്ങൾക്കു മുതിരരുതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.