നീലേശ്വരം: കൈവരികൾ രണ്ടും പൊട്ടിപൊളിഞ്ഞു. പാലത്തിന്റെ കാര്യവും വലിയ പന്തിയിലല്ല. നീലേശ്വരം -ഇടത്തോട് റോഡിലെ കൂവാറ്റി പാലം ചൂണ്ടിക്കാട്ടി നാട്ടുകാർ ഇക്കാര്യം പറയാൻ തുടങ്ങിയിട്ട് തന്നെ കുറേയായി. പാലത്തിൽ കൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ അടിയിൽ നിൽക്കുമ്പോൾ കുലുങ്ങുന്നതായി സമീപവാസികൾ പറയുന്നു.
47 വർഷം മുമ്പാണ് കൂവാറ്റി പാലം പണിതത്. അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ ദിവാകരനാണ് ഉദ്ഘാടനം ചെയ്തത്. അക്കാലത്ത് ഇടത്തോട് റോഡിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു. എന്നാൽ കൂവാറ്റി പാലത്തിൽ കൂടി വാഹനയാത്ര കൂടിയതോടെയാണ് പാലത്തിന് കുലുക്കം വന്നുതുടങ്ങിയത്. പാലം നിർമ്മിച്ചതിൽ പിന്നെ കൈവരികളോ പാലമോ ഇതുവരെയായി അറ്റകുറ്റപണി ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പാലവും കൈവരികളും ഏത് നിമിഷവും തകരാൻ പാകത്തിലാണ് നിൽക്കുന്നത്. പാലത്തിന്റെ ശോചനീയാവസ്ഥ നാട്ടുകാർ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെങ്കിലും അവർ ഈ ഭാഗത്ത് തിരിഞ്ഞ് നോക്കിയിട്ടില്ല.
വാഹനങ്ങളുടെ എണ്ണം കൂടും
നീലേശ്വരം - ഇടത്തോട് റോഡ് ഈ വർഷം മെക്കാഡം ടാറിംഗ് ചെയ്ത് തീരുന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും വർദ്ധിക്കും. കൂവാറ്റി പാലം അറ്റകുറ്റപണി ചെയ്യുകയോ പുതിയ പാലം പണിയുകയോ ചെയ്തിട്ടില്ലെങ്കിൽ വൻ അപകടമാണ് ക്ഷണിച്ചുവരുത്തുകയെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.