mla
കെ.കുഞ്ഞിരാമൻ.എം.എൽ.എ കൊയ്ത്തിനിടെ

കാഞ്ഞങ്ങാട്: നല്ലൊരു പദവിയിൽ കയറിയാൽ മണ്ണ് നോക്കിനടക്കാത്ത രാഷ്ട്രീയക്കാർക്കിടയിൽ തിരുത്തൽവാദിയെന്നു പറയാം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമനെ.രാഷ്ട്രീയത്തിൽ കയറിയാൽ അതുതന്നെ തൊഴിലെന്ന് ചിന്തിക്കുന്നവർക്കിടയിൽ തൊപ്പിപ്പാളയും അരിവാളും മുറവുമൊക്കെയായി തനി കർഷകനായ കുഞ്ഞിരാമനുണ്ട്.

ഒന്നാം വിളയായ ഉമയുടെ വിളവെടുപ്പിന്റെ തിരക്കിലാണ് എം.എൽ.എ. തൊപ്പിപ്പാളയും വച്ച് കുടുംബാംഗങ്ങൾക്കും പന്ത്രണ്ടോളം തൊഴിലാളികൾക്കുമൊപ്പം അരിവാളുമായി രാവിലെ 9നു തന്നെ ഇറങ്ങും. വിത്തിട്ട സമയത്ത് ആവശ്യത്തിനു മഴ കിട്ടിയതിനാൽ ഞാറ്റടികൾ ആരോഗ്യത്തോടെ വളർന്നു. വീടിനോടു ചേർന്ന ചെറൂട്ട വയലിലാണ് എം.എൽ.എയുടെ കൃഷി. വിളവെടുപ്പ് സമയത്തെ മഴയിൽ അല്പം ആശങ്ക ഉണ്ടായിരുന്നു എം.എൽ.എയ്ക്ക്. എന്നാൽ കൊയ്തു കഴിഞ്ഞപ്പോൾ ആശങ്ക മാറി. നൂറുമേനി വിളവാണ് വയലിൽ നിന്ന് ലഭിച്ചത്.

ജനപ്രതിനിധിയെന്ന നിലയിലും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് കുഞ്ഞിരാമന്റേത്. കൊവിഡ് കാലത്തും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം. ചട്ടഞ്ചാലിൽ ടാറ്റ കൊവിഡ് ആശുപത്രിയുടെ കാര്യമായാലും ആയംപാറയിലെ ഏറ്റവും ഉയരമുള്ള പാലമായാലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകൾ മെക്കാഡം ടാറിംഗ് നടന്നതും ഉദുമ മണ്ഡലത്തിലാണ്. നിയമസഭയുടെ മറ്റു സമിതികളിലെ അംഗമെന്ന നിലയിലും അദ്ദേഹം സജീവമാണ്. പശുവും കോഴിയും താറാവും തുടങ്ങി ഒരു കർഷകന്റെ വീട്ടിൽ വേണ്ടുന്ന എല്ലാം ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്.