സഖിന സജിത്ത്

കണ്ണൂർ: കുപ്പിയിൽ സ്റ്റെൻസിൽ പെയിന്റിംഗ് ചെയ്ത് റെക്കാർഡ് നേട്ടവുമായി എടച്ചൊവ്വ സ്വദേശി സഖിന സജിത്ത്. ലോക്ക്ഡൗൺ കാലത്ത് നേരംപോക്കിന് തുടങ്ങിയ ബോട്ടിൽ ആർട്ടിലൂടെ സഖിന സ്വന്തമാക്കിയത് ഇന്ത്യൻ ബുക്ക് ഒാഫ് റെക്കാർഡും ഏഷ്യൻ ബുക്ക് ഒാഫ് റെക്കാർഡുമാണ്. പതിനഞ്ച് പ്രധാനമന്ത്രിമാരുടെ ചിത്രം ഒറ്റക്കുപ്പിയിൽ വരച്ചു ചേർത്താണ് സഖിന ലോക റെക്കാർഡിനുടമയായത്.

സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ സഖിന പെൻസിൽ ഡ്രോയിംഗ്, ഫാബ്രിക് പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ് എന്നിവയും ചെയ്യാറുണ്ട്. ചിത്ര രചന പഠിച്ചിട്ടില്ലെങ്കിലും തന്റേതായ കഴിവ് ഒന്നു കൂടി മിനുക്കിയെടുക്കുകയാണ് സഖിന. അച്ഛൻ സജിത്തും ചിത്ര രചനയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

KUPPI.IN എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ സഖിനയുടെ വ്യത്യസ്ത ബോട്ടിൽ ഡിസൈനുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 50 ൽ കൂടുതൽ കുപ്പികളിൽ സഖിന തന്റെ കരവിരുത് തെളിയിച്ചിട്ടുണ്ട്. തുടക്കത്തിൽ ബോട്ടിൽ ആർട്ട് ചെയ്ത് വെറും രണ്ട് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ തന്നെ നിരവധി പേരാണ് സഖിനയ്ക്ക് പിന്തുണയുമായി വന്നത്. സഖിന ചെയ്ത ബോട്ടിൽ ആർട്ടിന് ആവശ്യക്കാരും ഏറെയാണ്. ഇപ്പോഴും സഖിന ആവശ്യക്കാർക്ക് ബോട്ടിൽ ആർട്ട് ചെയ്ത് കൊടുക്കുന്ന തിരക്കിലാണ്. ഇതിനൊപ്പം സാരിയിലും പാവാടയിലുമെല്ലാം സഖിന ചിത്രങ്ങൾ വരച്ച് നൽകാറുണ്ട്.

സഖിനയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ സഹോദരൻ ടി.കെ.അശ്വിന്ത് ആണ്. അമ്മ ടി. ഷീബയും സഹോദരിമാരായ നിഖിന സജിത്ത്, ഷിഖിന സജിത്ത് എന്നിവരും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

പഠനത്തിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. ഒപ്പം ബോട്ടിൽ ആർട്ടും ഒന്നുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കും

സഖിന