തൃക്കരിപ്പൂർ: നിലവിലുള്ള ഭരണസമിതിയുടെ കാലാവധി നവംബർ 11ന് പൂർത്തിയാകാനിരിക്കെ ശേഷിച്ച ദിവസങ്ങളിലേക്കായി ഒഴിവുവന്ന വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ്. നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് കോൺഗ്രസിലെ പി.പി.ശാരദ മരണപ്പെട്ടതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് കേവലം 20 ദിവസത്തേക്കായി പുതിയ ആളെ കണ്ടെത്താനുള്ള വരണാധികാരിയുടെ നീക്കം.

വരുന്ന 19ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുമെന്നും അന്നേ ദിവസം രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ ഹാജരാക്കണമെന്ന അറിയിപ്പ് വരണാധികാരിയായ ഹൊസ്ദുർഗ്ഗ് ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ അംഗങ്ങൾക്ക് നൽകിക്കഴിഞ്ഞു. കേവലം 20 ദിവസത്തേക്കാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അപൂർവ്വമായിരിക്കും ഇത്തരം നടപടികൾ. കൊവിഡ് വ്യാപനം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീളുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്തിൽ ആകെ 13 സീറ്റുകളാണ് ഉള്ളത്. ഇതിൽ 7 അംഗബലത്തിലാണ് ലീഗിന്റെ പ്രതിനിധിയായ എം.ടി. ജബ്ബാറിന്റെ നേതൃത്വത്തിലുള്ള ഭരണം. വൈസ് പ്രസിഡന്റ് മരണപ്പെട്ടതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് ആറു വീതം സീറ്റുകളോടെ തുല്യശക്തികളായി.