mill

കണ്ണൂർ: പൊതുമേഖലാ മില്ലുകളിലെ ധൂർത്തും അഴിമതിയും നിയന്ത്രിക്കാൻ നീക്കം തുടങ്ങി. മില്ലുകളിൽ ശുദ്ധീകരണത്തിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. കൊവിഡിന്റെ മറവിൽ ഇവിടങ്ങളിൽ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിലും ഉത്പന്നങ്ങൾ വിൽക്കുന്നതിലും വ്യാപക അഴിമതി നടക്കുന്നതായി പരാതി ഉയർന്നിരുന്നു. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സഹകരണ സ്പിന്നിംഗ് മില്ലുകൾക്ക് സർക്കാർ 10 കോടി രൂപയോളം സഹായം നൽകിയിരുന്നു.

ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ആലപ്പി കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ സ്വകാര്യ ഏജൻസികളിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ കൂടുതൽ തുകയ്ക്ക് വാങ്ങിയ വകയിൽ നഷ്ടം വരുത്തിയ തുക തിരിച്ചു പിടിക്കാൻ വ്യവസായ വകുപ്പ് ഉത്തരവിട്ടു. ആലപ്പി സ്പിന്നിംഗ് മിൽ ലോഡ് ഒന്നിന് 3.86 ലക്ഷം രൂപ കൂടുതൽ നൽകി പരുത്തി വാങ്ങിയതാണ് രജിസ്ട്രാറായ കൈത്തറി ടെക്‌സ്‌റ്റൈൽ ഡയറക്ടർ കണ്ടെത്തിയത്.

വ്യവസായ വകുപ്പ് , ഹാന്റ് ലൂം ഡയറക്ടറായ രജിസ്ട്രാർ എന്നിവരിൽ നിന്നും അനുമതി വാങ്ങാതെയും പുതിയ ഇ- ടെൻഡർ വിളിക്കാതെയുമാണ് മേയ് ആദ്യവാരം പരുത്തി വാങ്ങിയത്.

രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കേരള സഹകരണ നിയമം 1969 പ്രകാരം തുടർ നടപടി യഥാസമയം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കൈത്തറി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.


ഇടപാടുകൾ ഇ- ടെൻഡർ വിളിക്കാതെയും

ഇ- ടെൻഡർ വിളിക്കാതെയാണ് മിക്ക മില്ലുകളിലും ഇടപാടുകൾ നടക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (സി.സി.ഐ) പരുത്തി വൻ വിലക്കുറവിലാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. 30 എം.എം തരം പരുത്തി 355 കിലോ തൂക്കം വരുന്ന കെട്ടിനു സി.സി.ഐ. ഇപ്പോൾ ടാക്സ് ഉൾപ്പെടെ 39,000 രൂപയ്ക്കാണ് വിൽപ്പന. മറ്റു സ്വകാര്യ പാർട്ടികൾ വിൽപ്പന നടത്തുന്ന മാർക്കറ്റ് വില 40000 രൂപയാണ്.


അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ല

വ്യവസായ മന്ത്രിയുടെ ഓഫീസ്

പൊതുമേഖലാ മില്ലുകളിൽ അഴിമതിയും ധൂർത്തും ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ല. നഷ്ടത്തിലായ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.