കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സ്ഥാപിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനങ്ങളിൽ ഒന്നിന്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി. സ്റ്റേഡിയത്തിന് സമീപം സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി സ്തൂഭത്തിന് സമീപത്താണ് പാർക്കിംഗ് സംവിധാനം ഒരുക്കുന്നത്. കോർപ്പറേഷന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 6.76 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സ്ഥാപിക്കുന്നത്. നാല് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രവൃത്തിയുടെ കരാർ പൂനൈ ആസ്ഥാനമായുള്ള ആദി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്.

കണ്ണൂർ എസ്.ബി.ഐയ്ക്ക് മുന്നിലെ പീതാംബര പാർക്കിലും മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം സ്ഥാപിക്കും. പീതാംബര പാർക്കിൽ ഏഴ് നിലകളിലും സ്റ്റേഡിയത്തിന് സമീപം നാല് നിലയിലുമാണ് പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. നാലു നിലകളിലായി പണിയുന്ന കെട്ടിടത്തിൽ 124 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഓരോ നിലയിലും 31 വീതം കാറുകളാണ് പാർക്ക് ചെയ്യാനാകും. നിലവിൽ നഗരത്തിൽ തോന്നിയപോലെ ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് വലിയ കാരണമാകുന്നുണ്ട്.

പ്രവർത്തനം ഇങ്ങനെ

യന്ത്ര സംവിധാനത്തിലാണ് പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കൗണ്ടറിൽ നിന്ന് ആദ്യം ടോക്കൺ എടുക്കണം, ഇതിലാണ് ഏത് നിലയിലാണ് പാർക്ക് ചെയ്യേണ്ടത് എന്ന വിവരം ഉണ്ടാകുക. തുടർന്ന് പാർക്കിംഗ് കേന്ദ്രത്തിന് മുന്നിലെ സെൻസറിൽ സ്വൈപ്പ് ചെയ്യുന്നതിലൂടെ പാർക്ക് ചെയ്യേണ്ട നിലയിലെ റാപ്പ് താഴേക്ക് വരും. വാഹനം റാപ്പിൽ കയറ്റിയതിന് ശേഷം ഡ്രൈവർക്ക് പുറത്ത് ഇറങ്ങാം. ശേഷം റാപ്പ് പാർക്ക് ചെയ്യേണ്ട സ്ഥലത്തെത്തും. വാഹനം തിരികെയെടുക്കാൻ എത്തുമ്പോൾ വീണ്ടും കാർ ബൂത്തിൽ കാർഡ് സ്വൈപ്പ് ചെയ്യണം. വാഹനം താഴെ എത്തിയാൽ അലാറം മുഴങ്ങും.

ഉദ്ഘാടനം നിർവ്വഹിച്ചു

കോർപറേഷനിൽ നിർമിക്കുന്ന അത്യാധുനിക മൾട്ടി കാർ പാർക്കിംഗ് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മേയർ സി. സീനത്ത് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു.