കാസർകോട്: ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനായി കാസർകോട് ജില്ലയിൽ നിന്നും മേൽപറമ്പ് ഇൻസ്‌പെക്ടർ ബെന്നിലാൽ തിരഞ്ഞെടുക്കപ്പെട്ടു. റാങ്ക് വ്യത്യാസങ്ങളില്ലാതെ മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ സംസ്ഥാന പൊലീസിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊവിഡ് പോരാളി എന്ന പദവി നൽകി സർക്കാർ ആദരിക്കുന്നത്. ആ പട്ടികയിലാണ് ജില്ലക്ക് അഭിമാനമായി മേൽപ്പറമ്പ് സി.ഐ ബെന്നിലാൽ ഇടം നേടിയിരിക്കുന്നത്.
കൊല്ലത്ത് നിന്ന് ഉദ്യോഗക്കയറ്റം ലഭിച്ചു ഇൻസ്‌പെക്ടർ ബെന്നിലാൽ മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾക്കുള്ള പ്രദേശമായി മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധികൾ മാറിയപ്പോഴും ഒട്ടും പതറാതെ 24 മണിക്കൂറും സേവനനിരതനായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥൻ. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബെന്നിലാൽ. കോളേജ് അദ്ധ്യാപികയായ റീയമോൾ ആണ് ഭാര്യ, വിദ്യാർത്ഥികളായ അമലാ മേരി റീത്ത, അമൽ ലിയോൺ ആൻഡ്രൂസ് എന്നിവർ മക്കളാണ്.
ഈ നാട്ടിലെ ജനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ആത്മാർത്ഥമായ സഹകരണവും കൂട്ടായ്മയും ഞാൻ എന്നും ഓർക്കുമെന്നും ദാനശീലരും സഹായികളുമാണ് കാസർകോട്ടുകാരെന്നും ബെന്നിലാൽ പറഞ്ഞു.