kcjoseph

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫ് തന്നെ ഇക്കുറിയും മത്സരിക്കാൻ ഇറങ്ങിയാൽ അട്ടിമറി സാദ്ധ്യതയുണ്ടെന്ന് ഇടതു വിലയിരുത്തൽ. കെ.സിയ്ക്ക് എതിരെയുള്ള പാർട്ടിയിലെ പടല പിണക്കങ്ങളും ജോസ് പക്ഷത്തിന്റെ വോട്ട് ബാങ്കും കൂടിയായാൽ ഇടതിന് ഇരിക്കൂർ ബാലികേറാ മലയായേക്കില്ല. സി.പി.ഐ മത്സരിക്കുന്ന സീറ്റ് പിടിച്ചെടുക്കാനാണ് സി.പി.എം കണക്കു കൂട്ടുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെയാണ് ചർച്ചയ്ക്ക് തീപിടിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി കോട്ടയായ കണ്ണൂർ ജില്ലയിൽ പോലും യു.ഡി.എഫിന് ഇടതിനേക്കാൾ വോട്ട് ലഭിച്ചിരുന്നു. ഇത് യു.ഡി.എഫ് ക്യാമ്പിലും പ്രതീക്ഷയാണ്.

കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കൂടിയായ കെ.സി ജോസഫ് 1996 മുതൽ ഇരിക്കൂർ എം.എൽ.എയാണ്. 2016ൽ അഞ്ചാം തവണ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായിരുന്നു. കോൺഗ്രസ് വിമതനായ ബിനോയ് തോമസ് കെ.സിക്കെതിരെ കളത്തിലിറങ്ങി. എങ്കിലും തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 9647വോട്ടുകൾക്ക് കെ.സി ജോസഫ് വിജയിച്ചു.

മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഇരിക്കൂറിൽ ലീഗിന്റെ പിന്തുണയോടെയാണ് കെ.സി ജോസഫ് ജയിച്ചു കയറുന്നത്. എന്നാൽ ഇനിയും സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസിൽ ഗ്രൂപ്പു പോര് ശക്തമാകും. കെ.സിക്ക് പകരം എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യൻ മത്സരിക്കുമെന്നാണ് പ്രതീക്ഷ. ഉമ്മൻചാണ്ടി മത്സരത്തിനില്ലെങ്കിൽ കെ.സിക്കു തന്നെ നറുക്ക് വീഴും. നിയമസഭയിൽ എ ഗ്രൂപ്പിന്റെ ശക്തനായ ഒരാൾ വേണമെന്ന ആവശ്യത്തിന് മുൻതൂക്കം ലഭിക്കുകയാണെങ്കിൽ കെ.സി തന്നെയായിരിക്കും കളത്തിലിറങ്ങുക.

അതിനിടെ ജോസ് കൂടെ എത്തുന്നത് ഇടതിന് പ്രതീക്ഷ നൽകുന്നു. മണ്ഡലത്തിൽ ഉദയഗിരി, ഉളിക്കൽ പോലുള്ള പഞ്ചായത്തുകളിൽ ജോസിന് സ്വാധീനമുണ്ട്. എന്നാൽ ആലക്കോടും നടുവിലും പയ്യാവൂരിലും ഏരുവേശ്ശിയിലും ജോസഫിനുള്ള സ്വാധീനം തങ്ങൾക്ക് അനുകൂലമാകും എന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാർത്ഥി കെ.ടി. ജോസാണ് കെ.സിക്കെതിരെ മത്സരിച്ചത്. ജോസിന് 62,901 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി സി.പി.ഐയിൽനിന്ന് സീറ്റ് തരിച്ചെടുത്ത് പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും എന്നാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന.