ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ മേലെചൊവ്വയിൽ
കണ്ണൂർ: ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ജില്ലയിൽ ആദ്യമായി ചാർജിംഗ് സ്റ്റേഷൻ ഒരുങ്ങുന്നു. മേലെ ചൊവ്വ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്താണ് ചാർജിംഗ് സ്റ്റേഷൻ. ഇവിടെ നിന്നും മൂന്ന് വാഹനങ്ങൾ ഒരേ സമയം ചാർജ് ചെയ്യാൻ സാധിക്കും. ആദ്യത്തെ മൂന്ന് മാസം സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. വാഹനങ്ങൾ ചാർജ് ചെയ്യാൻ എടുക്കുന്ന വൈദ്യുതിയുടെ അളവ് കണക്കിലെടുത്തായിരിക്കും തുടർന്നുള്ള മാസങ്ങളിൽ പണമീടാക്കുന്നത്. ഒരു യൂണിറ്റ് കറന്റിന് അഞ്ച് രൂപയും ബാക്കി സർവ്വീസ് ചാർജും ഉൾപ്പെടുത്തും.
പ്രവൃത്തി പൂർത്തിയായ ചാർജിംഗ് സ്റ്റേഷൻ അടുത്ത മാസം ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ മേൽനോട്ടത്തിലാണ് ചാർജിംഗ് സ്റ്റേഷൻ. ഒരു മണിക്കൂർ കൊണ്ട് ഒരു വാഹനം ചാർജ് ചെയ്യാം. സംസ്ഥാനത്തെ ആറാമത്തെ ചാർജ്ജിംഗ് സ്റ്റേഷനാണ് കണ്ണൂരിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. തിരുവന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ചാർജ്ജിംഗ് സ്‌റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചത്.
ലക്ഷ്യം പ്രോത്സാഹനം
ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ചാർജ്ജിംഗ് സ്‌റ്റേഷൻ തുടങ്ങുന്നത്. ശബ്ദരഹിതവും മലിനീകരണ മുക്തവുമായ ഗതാഗതം എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് രാജ്യത്താകമാനം ബാറ്ററി ഉപയോഗിച്ചുള്ള മോട്ടോർ വാഹനങ്ങൾ വ്യാപകമാക്കുന്നത്. ഇതിനായുള്ള പുതിയ കാൽവെയ്പാണ് ചാർജിംഗ് സ്റ്റേഷനുകൾ.
കൂടുതൽ സ്റ്റേഷനുകൾ
കണ്ണൂരിൽ പുതുതായി 26 ചാർജിംഗ് സ്റ്റേഷനുകൾ കൂടി പുതിയതായി സ്ഥാപിക്കും. മൂന്നുമാസത്തിനുള്ളിൽ പടന്നപ്പാലത്ത് സ്റ്റേഷൻ ആരംഭിക്കും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. പൊതു സ്ഥലങ്ങൾ, മാൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ജനസാന്ദ്രത ഉള്ള സ്ഥലങ്ങളിലുമായിരിക്കും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
പ്രവൃത്തി ഏതാണ്ട് പൂർത്തിയായ ചാർജിംഗ് സ്റ്റേഷൻ അടുത്ത മാസം മുഖ്യമന്ത്രി ഉദഘാടനം ചെയ്യും. ആദ്യത്തെ മൂന്ന് മാസം സൗജന്യമായി ചാർജ് ചെയ്ത് നൽകാനാണ് തീരുമാനം.
ഹരീഷൻ മൊട്ടമ്മലിൽ, ചാർജിംഗ് സ്റ്റേഷൻ പ്രസരണവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ