
ആദ്യ ഘട്ടത്തിൽ ഉദ്പാദന ലക്ഷ്യം 1000 മെഗാ വാട്ട്
കണ്ണൂർ: സോളാർ വൈദ്യുതി ഉത്പാദനത്തിൽ കേരളം കുതിക്കുന്നു. സൗര പദ്ധതി പ്രകാരം വൈദ്യുതി വകുപ്പ് ആദ്യ ഘട്ടത്തിൽ 1000 മെഗാ വാട്ട് ലക്ഷ്യമിട്ടതിൽ, 200 മെഗാവാട്ട് ഉത്പാദന ശേഷി കഴിഞ്ഞ നാലു വർഷം കൊണ്ട് നേടിക്കഴിഞ്ഞു. പുരപ്പുറ സൗരോർജ്ജ പദ്ധതികൾ വഴി ലക്ഷ്യം 500 മെഗാ വാട്ടാണ്.
150 സ്ഥലങ്ങളിൽ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു . തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങൾക്കു മുകളിൽ 50 മെഗാവാട്ട് സൗരോർജ്ജ നിലയങ്ങൾ നവംബറിൽ പൂർത്തിയാകും. തുടർന്ന് വീടുകളിൽ സബ്സിഡിയോടെ സ്ഥാപിക്കും. കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനുകളിൽ ഗ്രൗണ്ട് മൗണ്ടഡ് സോളാർ പവർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതും പൂർത്തിയാവുന്നു. കാസർകോട്ട് 50 മെഗാവാട്ട് ശേഷിയുള്ള നിലയത്തിന്റെ പണി പുരോഗമിക്കുന്നു. ബാണാസുര സാഗർ മാതൃകയിൽ ജലസംഭരണികളിൽ സൗരോർജ്ജ നിലയങ്ങളും ഉടൻ സ്ഥാപിക്കും.
മൂന്ന് കിലോ വാട്സ് സ്ഥാപിക്കാൻ ചെലവ് -162000 രൂപ
ഉപഭോക്താവ് മുടക്കേണ്ടത് - 40500 രൂപ
രണ്ട് മാസത്തെ ഉത്പാദനം -720 യൂണിറ്റ്
ഉപഭോക്തൃ വിഹിതം - 360 യൂണിറ്റ്
വൈദ്യുതി ബിൽ
ഗണ്യമായി കുറയും
രണ്ട് മാസത്തേക്ക് 400 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് മൂന്ന് കിലോ വാട്സ് പ്ലാന്റ് സ്ഥാപിക്കുന്നതോടെ, 360 യൂണിറ്റ് ഉപഭോക്തൃ വിഹിതമായി ലഭിക്കും , 1960 രൂപ വരേണ്ട ബിൽ
281 രൂപയായി ചുരുങ്ങും. അധിക വൈദ്യുതി കെ.എസ്ഇ.ബിക്ക് നൽകാം.
സോളാർ പ്രഭയിൽ
പിണറായി പഞ്ചായത്ത്
സോളാർ വൈദ്യുതോത്പാദനത്തിൽ മാതൃകയാണ് മുഖ്യമന്ത്രിയുടെ സ്വന്തം പിണറായി പഞ്ചായത്ത്. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വെറ്ററിനറി ആശുപത്രി, അങ്കണവാടികൾ, സബ്‌സെന്റർ, ശ്മശാനം, എ.കെ.ജി സ്‌കൂൾ, വി.ഇ.ഒ ഓഫീസ് എന്നിവ സൗരോർജമാണ് ഉപയോഗിക്കുന്നത്.