കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ കാലത്ത് നേരംപോക്കിനായി തുടങ്ങിയ ചിത്രരചന കാര്യമായിരിക്കുകയാണ്. ഹൊസ്ദുർഗിലെ ആധാരമെഴുത്തുകാരൻ വെള്ളിക്കോത്തെ പി.പി. കുഞ്ഞിക്കൃഷ്ണൻ നായർ ഇക്കാലയളവിൽ വരച്ച് തീർത്തത് നാൽപതോളം പെയിന്റിംഗുകൾ. ഓഫീസ് അടച്ചു വീട്ടിലിരിക്കുമ്പോൾ മാതാവ് പരേതയായ പനയന്തട്ട കുഞ്ഞക്കു അമ്മയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു തുടക്കം. വീടിന്റെ ചുമരിൽ മയിലിനെയും കഥകളിയും വരച്ചപ്പോൾ കുടുംബം നൽകിയ പ്രോത്സാഹനത്തിൽ വര ക്യാൻവാസിലാക്കി.
അക്രിലിക് മാദ്ധ്യമത്തിലായി പിന്നീട് നിരവധി ചിത്രങ്ങൾ. കഥകളി രൂപങ്ങളും പ്രശസ്തരായ കലാ, സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ചിത്രകലയിൽ അഭിരുചിയുണ്ടായിരുന്നുവെങ്കിലും അഭിനയമായിരുന്നു കുഞ്ഞിക്കൃഷ്ണൻ നായർ കൂടുതൽ ശ്രദ്ധിച്ചത്. വിദ്വാൻ പി. കേളു നായരുടെ ശ്രീകൃഷ്ണലീലയിൽ ഉഗ്രസേന മഹാരാജാവിന്റെ വേഷമിട്ട് പതിമൂന്നാം വയസിൽ സംഗീത നാടക വേദിയിലെത്തി.
വെള്ളിക്കോത്ത് യങ്മെൻസ് ക്ലബിന്റെ നാടകങ്ങളിലും 1988 ൽ കാഞ്ഞങ്ങാട്ട് തുടങ്ങിയ കാകളി തീയറ്റേഴ്സ് പ്രൊഫഷണൽ നാടക ട്രൂപ്പിലും പ്രധാന നടനായി. വടക്കൻ പാട്ട് നാടകങ്ങളിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയതിന് കേരള ഫോക്ക്ലോർ അക്കാഡമി പുരസ്‌കാരവും നേടിയിട്ടുണ്ട്. തച്ചോളിക്കഥയിലെ ചാപ്പനിൽ തച്ചോളി ഒതേനയായും 'കാൽപ്പാടുകൾ തേടി'യിൽ മഹാകവി പി. കുഞ്ഞിരാമൻ നായരായും ടെലിഫിലിമുകളിലും വടക്കുംനാഥൻ ഉൾപ്പെടെ സിനിമകളിലും അഭിനയിച്ചു.
ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ഹൊസ്ദുർഗ് യൂണിറ്റ് പ്രസിഡന്റുമാണ്. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഭാര്യ ആധാരമെഴുത്ത് അസോസിയേഷൻ വനിതാവിംഗ് സംസ്ഥാന ജോയിന്റ് കൺവീനർ ബേബിലതയും മക്കളായ മീര, മേഘ, മയൂർ കൃഷ്ണൻ എന്നിവരും ചിത്രരചനയ്ക്ക് പ്രോത്സാഹനത്തിന്റെ വർണം പകരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയാൽ കാഞ്ഞങ്ങാട്ടെ ലളിതകലാ അക്കാഡമി ആർട് ഗ്യാലറിയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള ആലോചനയിലാണ് കുഞ്ഞികൃഷ്ണൻ നായർ.