കാഞ്ഞങ്ങാട്: ജില്ലയിൽ ആദ്യത്തെ വെറ്ററിനറി പോളി ക്ലിനിക്ക് കാഞ്ഞങ്ങാട്ട് അനുവദിച്ചു. 24 മണിക്കൂറും വെളിച്ചമണയാതെ പ്രവർത്തിക്കുന്ന മൃഗാശുപത്രി ഇനി കാഞ്ഞങ്ങാടിന് സ്വന്തം. മൃഗ ചികിത്സാ രംഗത്തെ ശോഭനമായ പുത്തൻ കാൽവയ്പ്പാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
16 ന് 5 മണിക്ക് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നഗരസഭ ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ സംബന്ധിക്കും. പോളിക്ലിനിക്ക് യാഥാർത്ഥ്യമാകുന്നതോടെ രണ്ട് മൃഗഡോക്ടർമാർ അടങ്ങുന്ന 4 പുതിയ തസ്തികകൾ കൂടി കാഞ്ഞങ്ങാട് മൃഗാശുപത്രിക്കായി അനുവദിക്കും.
നിലവിൽ ഒരു ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, ഒരു അറ്റന്റർ, രണ്ട്പാർട്ടൈം സ്വീപർ, രാത്രി കാല ഡോക്ടർ, തുടങ്ങിയ തസ്തികകളാണ് മൃഗാശുപത്രിയിലുള്ളത്. കൂടാതെ ഓപ്പറേഷൻ തീയേറ്റർ, എക്‌സ് റേ, ലാബ് തുടങ്ങിയ സംവിധാനങ്ങളും തുടർ നടപടികളിലൂടെ അനുവദിക്കപ്പെടും.നിലവിൽ രാവിലെ 9 മണി മുതൽ 3 മണിവരെയും രാത്രി 8 മുതൽ രാവിലെ 8 മണി വരെയുമാണ് മൃഗാശുപത്രിയുടെ പ്രവർത്തന സമയം.