ചെറുവത്തൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ച ടൂറിസം മേഖലയ്ക്കും ഹൗസ് ബോട്ടുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയത് നൂറുകണക്കിന് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും അനുബന്ധ തൊഴിൽ മേഖലയ്ക്കും ആശ്വാസമായി. മാസങ്ങളായി കായലോരങ്ങളിൽ മൂടിപ്പുതപ്പിച്ചു നിർത്തിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകളുടെ സഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് സർക്കാർ നീക്കിയതോടെ കായൽ ടൂറിസത്തിന് വീണ്ടും ജീവൻവയ്ക്കുമെന്ന പ്രതീക്ഷയിലാണിവർ.
കാസർകോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാരമേഖലയാണ് ഹൗസ് ബോട്ട് സർവീസ്. ഇവ കയറ്റിയിട്ടതോടെ പലരും നിത്യവൃത്തിക്കായി ഇതര തൊഴിൽ തേടിപ്പോയെങ്കിലും പച്ചതൊട്ടില്ല. തേജസ്വിനിയുടെ തീരങ്ങളായ കോട്ടപ്പുറം, അച്ചാംതുരുത്തി എന്നിവ കേന്ദ്രീകരിച്ച് മുപ്പതോളം ഹൗസ് ബോട്ടുകളാണ് സർവ്വീസ് നടത്തുന്നത്. ഓരോ ബോട്ടിലുമായി ഡ്രൈവർ, അസിസ്റ്റന്റ്, കുക്ക് എന്നിങ്ങനെ മൂന്നോ നാലോ ജീവനക്കാരുമുണ്ട്. അതുപോലെ ഇതുമായി ബന്ധപ്പെട്ട് മടക്കരയിലടക്കം റിപ്പയറിംഗ് യാർഡുകളുമുണ്ട്. സാമൂഹ്യ അകലം പാലിച്ചും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചും പ്രവർത്തിച്ചാൽ അടഞ്ഞുകിടന്ന കായൽ ടൂറിസത്തിന് പതിയെ ജീവൻവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.
പ്രതിസന്ധികൾ ഇനിയും
അതേസമയം സുഗമമായ രീതിയിൽ ബോട്ടിംഗ് നടക്കണമെങ്കിൽ പ്രതിസന്ധികൾ ഇനിയുമുണ്ട്. മടക്കര തുറമുഖത്തിനടുത്ത കൃത്രിമ ദ്വീപിന് പരിസരത്തെ ബോട്ട് ചാനലിൽ രൂപപ്പെട്ട മണൽതിട്ട വൻഭീഷണിയാണ്. പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.
സഞ്ചാരികളുടെ 'വലിയ പറമ്പ് "
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കായൽ ടൂറിസത്തിന്റെ കേന്ദ്രമാണ് വെള്ളത്താൽ ചുറ്റപ്പെട്ട വലിയപറമ്പ് ദ്വീപ്. അഴിമുഖവും അസ്തമയവും കവ്വായി കായലിന്റ തീരത്തെ സുന്ദരമാക്കുന്ന പച്ചപ്പിന്റെ സമ്പന്നതയും മത്സ്യകൃഷിയും ഏഴിമലയുടെ വിദൂരദർശനവുമൊക്കെ ആസ്വദിക്കാനാണ് വിനോദ സഞ്ചാരികൾ ഹൗസ് ബോട്ടുകളെ ആശ്രയിക്കുന്നത്. കൂടാതെ ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിങ്ങനെയുള്ള സംവിധാനങ്ങളും അനുബന്ധ ഘടകങ്ങളാണ്.
'70 ലക്ഷം രൂപ ചെലവുവരും ഒരു ഹൗസ് ബോട്ട് നിർമ്മിക്കാൻ .ആഡംബരം കൂടുന്നതിനുസരിച്ച് വില ഉയരും. പാർട്ട്ണർഷിപ്പിലാണ് ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നത്. പല വിധത്തിലുള്ള വായ്പ്പകൾ തരപ്പെടുത്തിയിട്ടാണ് ഓരോ ബോട്ടുകളും സർവ്വീസിനായി ഇറക്കിയിട്ടുള്ളത്. മാസങ്ങളായി സർവ്വീസ് മുടങ്ങിക്കിടക്കുന്ന ഹൗസ് ബോട്ട് വ്യവസായത്തെ കരകയറ്റാൻ സർക്കാർ തലത്തിൽ സഹായങ്ങൾ ഉണ്ടാകണം-പി.പി.രവി, ബോട്ടുടമ , ഓരി