കാഞ്ഞങ്ങാട്: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷത്തിൽ അധികാരമേൽക്കുന്ന ഭരണ സമിതികൾക്ക് സഹായകമായ രീതിയിൽ വികസന പരിപ്രേക്ഷ്യം തയ്യാറാക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറെടുക്കുന്നു. കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം കൊവിഡാനന്തര കാലഘട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന സവിശേഷ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാനും പുതിയ ഭരണസമിതികൾ ഏറ്റെടുക്കേണ്ട വികസന പ്രശ്‌നങ്ങൾ ജനസമക്ഷം അവതരിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടാണ് പരിഷത്ത് വികസന കാഴ്ചപ്പാട് തയ്യാറാക്കുന്നത്.

ജില്ലയിൽ അജാനൂർ പഞ്ചായത്തിനെ പൈലറ്റായി ഏറ്റെടുക്കാനും പിന്നീട് മറ്റ് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനുമാണ് തീരുമാനം. ജില്ലാതല വികസന സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങളുമായി വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് കൊണ്ട് വികസന രേഖയയ്ക്ക് രൂപം നല്കും. ഇന്നും 15നും രാത്രി 8 മണിക്ക് ഓൺലൈനായി വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. വെബിനാറിന് ശേഷം രേഖയ്ക്ക് അന്തിമ രൂപം നല്കും. വികസന സമിതി യോഗത്തിൽ ചെയർമാൻ പപ്പൻ കുട്ടമത്ത് അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. രാഘവൻ, സെക്രട്ടറി പ്രേംരാജ്, എ.എം ബാലകൃഷ്ണൻ, പ്രൊഫ. എം. ഗോപാലൻ, ടി.വി.ശ്രീധരൻ, എം. കണ്ണൻ നായർ എന്നിവർ സംസാരിച്ചു. കൺവീനർ വി.ടി കാർത്യായനി സ്വാഗതം പറഞ്ഞു.