കണ്ണൂർ: ഹൈടെക്കായി കണ്ണൂർ ജില്ലയിൽ 1514 പൊതുവിദ്യാലയങ്ങൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിലെ 1514 സർക്കാർ- എയിഡഡ് സ്‌കൂളുകളിൽ പൂർത്തിയായി. സർക്കാർ എയിഡഡ് വിഭാഗത്തിലെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളുള്ള 1173 ഉം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 341 ഉം ഉൾപ്പെടെ മൊത്തം 1514 സ്‌കൂളുകൾ ഹൈടെക്കായി. 32992 ഐടി ഉപകരണങ്ങളാണ് സജ്ജീകരിച്ചത്.
ഹൈടെക് സ്‌കൂൾ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, ടി.പി രാമകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, കെ.കെ ശൈലജ, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
പടിയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി ഇ.പി ജയരാജനും പാട്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി കെ.കെ ശൈലജയും ഉദ്ഘാടനം നിർവഹിച്ചു. മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.കെ രാഗേഷ് എം.പി അദ്ധ്യക്ഷനായി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ ജെയിംസ് മാത്യു എം.എൽ.എ, വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സി. കൃഷ്ണൻ എം.എൽ.എ, മാടായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ടി.വി രാജേഷ് എം.എൽ.എ എന്നിവരും നിർവഹിച്ചു.
നീലേശ്വരം: കാഞ്ഞങ്ങാട് നിയോജക മണ്ഡല തലം പ്രഖ്യാപനം കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ മന്ത്രി ഇ. ചന്ദ്രേശേഖരൻ നിർവഹിച്ചു. എം.പി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗവും മുൻ എം.എൽ.എയുമായ എം.നാരായണൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീള, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഓമന , ഡി.ഡി.ഇ കെ.വി പുഷ്പ, ഡയറ്റ് പ്രിൻസിപ്പൽ എം. ബാലൻ തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞങ്ങാട്: ഉദുമ നിയോജക മണ്ഡലം പൂർത്തീകരണ പ്രഖ്യാപനം പെരിയ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവ്വഹിച്ചു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. പി.ദിലീപ് കുമാർ, കെ.ശ്രീധരൻ, സി.കമലാക്ഷൻ, അബ്ദുൾ ലത്തീഫ്, കെ.ഗോപി, പി.വി.നന്ദികേശൻ, പ്രിൻസിപ്പൽ കെ. വസന്തകുമാർ, ഹെഡ്മിസ്ട്രസ് ജയ ജി- ജോർജ് എന്നിവർ സംബന്ധിച്ചു.