
കണ്ണൂർ നാറാത്തെ ശ്രീദേവിപുരം കമ്യൂണിസ്റ്റ് പാർട്ടിയുടെ കയറ്റിറക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച വീടാണ്. 1943 ൽ മുംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ബർലിൻ കുഞ്ഞനന്തൻ നായരുടെ വീട്. ആദ്യ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഏക വ്യക്തി കൂടിയാണ് ബർലിൻ.
അന്നെനിക്ക് 16 വയസ്സ്. ചിറക്കൽ രാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ ബാലഭാരത സംഘം പ്രതിനിധിയായാണ് പാർട്ടി കോൺഗ്രസ്സിലെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ഞാനും, പ്രായം കൂടിയ പ്രതിനിധി പഞ്ചാബിലെ ബാബാ സോഹൻസിംഗ് ബാക്ക്നയുമായിരുന്നു. മേയ് 23 മുതൽ ജൂൺ ഒന്നു വരെയായിരന്നു സമ്മേളനം. 130 പ്രതിനിധികൾ. കേരളത്തിൽ നിന്ന് പി.കൃഷ്ണപിള്ള, ഇ.എം.എസ്, പി. നാരായണൻ നായർ, സി. ഉണ്ണിരാജ, കെ.സി. ജോർജ്, പി.കെ. ബാലൻ എന്നിവരും മഹിളാ സംഘടനയെ പ്രതിനിധീകരിച്ച് മുൻമന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ പി. യശോദയുമുണ്ട്.
തുറന്ന ചർച്ചയും സംവാദവും കൊണ്ട് സജീവമായിരുന്നു സമ്മേളനം. പി.സി. ജോഷിയും ബി.ടി. രണദിവെയും ഉൾപ്പടെയുള്ള നേതാക്കളായിരുന്നു പാർട്ടിയുടെ തലപ്പത്ത്. യുദ്ധവും തൊഴിലാളി വർഗവും എന്ന പ്രമേയം രണദിവെയും യുദ്ധവും ഭക്ഷ്യഉത്പാദനവും ഇ.എം.എസും, എൻ.കെ. കൃഷ്ണൻ പാർട്ടിയുടെ സംഘടനാതത്വവും അരുൺ ബോസ് വിദ്യാർത്ഥി പ്രമേയവും ഞാൻ ബാലഭാരതസംഘം പ്രമേയവുമാണ് അവതരിപ്പിച്ചത്. കൃഷ്ണപിള്ളയാണ് എന്നെ ഈ ചുമതല ഏൽപ്പിച്ചത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളുമാണ് അന്നത്തെ പ്രമേയത്തിന്റെ ഉള്ളടക്കം. എനിക്ക് നല്ല പരിഗണന കിട്ടി. ഒരു കൊച്ചുകുട്ടി എന്ന നിലയിൽ എന്നെ കേൾക്കാനും എന്നോടു സംവദിക്കാനും അവർക്കെല്ലാം ഒറ്റമനസ്സായിരുന്നു.
പൊതുയോഗത്തോടെയാണ് കോൺഗ്രസ് ആരംഭിച്ചത്. ഏകദേശം 25,000 ആളുകൾ പങ്കെടുത്തിരുന്നു. സഖാക്കൾ മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, പഴയൊരു തൊഴിലാളിയും ബോംബെ പ്രവിശ്യയുടെ സെക്രട്ടറിയുമായിരുന്ന ഭയ്യാജി കുൽക്കർണി, കേരളത്തിൽ നിന്നുള്ള പി. കൃഷ്ണപിള്ള, കൊൽക്കത്തയിൽ നിന്നുള്ള മഹിളാ നേതാവ് മണികുന്തള സെൻ, റെയിൽവേ തൊഴിലാളിയും ബോംബെ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്ന ഡി എസ് വൈദ്യ, വിദ്യാർഥി നേതാവായിരുന്ന നർഗീസ് ബാട്‌ലിവാല എന്നിവരായിരുന്നു പ്രസീഡിയത്തിൽ.
ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക, ചിലി, ക്യൂബ, കാനഡ എന്നിവിടങ്ങളിലെ പാർട്ടികൾ ആശംസാ സന്ദേശങ്ങൾ അയച്ചപ്പോൾ ശ്രീലങ്കയിൽനിന്നും ബർമയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.സി. ജോഷി ഒമ്പതു മണിക്കൂറെടുത്താണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. സാർവദേശീയ, ദേശീയ പശ്ചാത്തലവും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച അടവും സമഗ്രമായ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും കാരണങ്ങളുമെല്ലാം വിശദീകരിച്ചു. അദ്ധ്വാനിക്കുന്ന ജനലക്ഷങ്ങൾക്കുമപ്പുറം ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കുമേൽക്കൂടി പാർടിയുടെ രാഷ്ട്രീയസ്വാധീനം ഉറപ്പാക്കാനും പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.