തൃക്കരിപ്പൂർ: വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലവിലുള്ള സ്ഥിതി തുടരാൻ യു.ഡി.എഫ് ധാരണ. കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ് ലെയ്സൺ കമ്മിറ്റിയുടേതാണ് തീരുമാനം. പഞ്ചായത്തിൽ ആകെയുള്ള 13 സീറ്റിൽ നിലവിൽ ലീഗ് ഏഴിലും, കോൺഗ്രസ് ആറ് സീറ്റിലുമാണ് മത്സരിച്ചിരുന്നത്. അതേ സമയം രണ്ടു വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന നിർദേശം അംഗീകരിച്ചില്ല.

നിലവിലുള്ള സ്ഥിതി തുടരണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചതോടെയാണ് സീറ്റു വിഷയത്തിൽ കശപിശയില്ലാതെ സമവായത്തിലെത്തിയത്. വരുന്ന19 ന് ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. കോൺഗ്രസിലെ ശാരദ മരണപ്പെട്ടതോടെയാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു വേണ്ടി വന്നത്. കോൺഗ്രസ് പ്രതിനിധിയെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കെ.കെ കുഞ്ഞബ്ദുള്ള, ഉസ്മാൻ പാണ്ഡ്യാല, എ മുസ്തഫ ഹാജി, എം.ടി ഷഫീഖ്, കെ.പി മജീദ് ഹാജി, കെ.കെ അഹമ്മദ് ഹാജി, എം. അബ്ദുൾ സലാം, പി.പി അപ്പു, ലക്ഷ്മണൻ ഇടയിലെക്കാട്, ഹരിദാസ് വലിയപറമ്പ, ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.