
കണ്ണൂർ:സംഗീതം പൊഴിയുന്ന 'ജസ് രംഗ്' വീട്ടിലേക്ക് രണ്ടാം തവണയും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് തേടിയെത്തിയപ്പോൾ ജന്മനാടായ കൂത്തുപറമ്പിനും അഭിമാനമുഹൂർത്തം. കോളാമ്പി എന്ന ചിത്രത്തിലെ പറയാതെ അരികെ വന്ന പ്രണയമേ, ആരോടും പറയാതെ എന്നു തുടങ്ങുന്ന പാട്ടുകൾ ആലപിച്ചാണ് ഇത്തവണ മധുശ്രീ നാരായണന് അവാർഡ് ലഭിച്ചത്. കൂത്തുപറമ്പ് സ്വദേശിയായ സംഗീതസംവിധായകൻ രമേഷ് നാരായണനും മകൾ മധുശ്രീയും കഴിഞ്ഞ വർഷം പുരസ്‌കാരമധുരം ഒരുമിച്ച് നുകർന്നിരുന്നു. ഇപ്പോൾ തിരുവനന്തപുരം പൂജപ്പൂര കുഞ്ചാലുംമൂട്ടിലാണ് താമസിക്കുന്നതെങ്കിലും ഒഴിവു കിട്ടുന്ന വേളകളിലെല്ലാം മധുശ്രീയും അച്ഛനുംനാട്ടിലെത്താറുണ്ട്.
ഇടവപ്പാതി എന്ന ചിത്രത്തിലെ 'പശ്യതി ദിശി ദിശി...' എന്ന സംസ്‌കൃതഗാനമാലപിച്ചാണ് മധുശ്രീക്ക് കഴിഞ്ഞ വർഷം മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയത്. ഈ ഗാനത്തിനും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ 'ശാരദാംബരം...' എന്ന ഗാനത്തിനും ഈണം പകർന്നതിനാണ് രമേഷ് നാരായണന് കഴിഞ്ഞ വർഷം സംഗീതസംവിധായകനുള്ള പുരസ്‌കാരംലഭിച്ചത്.
അവാർഡ് വിവരം അറിഞ്ഞതോടെ സഹപാഠികളും സ്‌കൂൾ അധികൃതരും അഭിനന്ദനങ്ങൾകൊണ്ട് പൊതിഞ്ഞു. അഭിനന്ദനമറിയിച്ചുള്ള ഫോൺകാളുകൾക്ക് മറുപടി പറയുന്ന തിരക്കിലായിരുന്നു ഈ സമയം സംഗീതാധ്യാപികയായ അമ്മ ഹേമ നാരായണൻ.
സംഗീതത്തിൽ അച്ഛനാണ് ഗുരുവെന്നും പാട്ട് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും മധുശ്രീ പറഞ്ഞു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ റഫീഖ് അഹമ്മദ് രചിച്ച 'പ്രിയമുള്ളവനെ'എന്ന ഗാനവും മധുശ്രീയുടേതായിരുന്നു. മൂന്നര വയസ്സുമുതൽ സംഗീതം അഭ്യസിക്കുന്ന മധുശ്രീ ഒറ്റമന്ദാരം, അലിഫ് തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. സഹോദരി മദുവന്തി സംഗീതത്തിൽ ബിരുദപഠനം നടത്തുകയാണ്.