പയ്യന്നൂർ :മികച്ച നവാഗത സംവിധായകനുള്ള അവാർഡ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ തേടിയെത്തിയപ്പോൾ അതു പയ്യന്നൂരിന് അവിസ്മരണീയ മുഹൂർത്തമായി. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഓരോ കഥാപാത്രത്തെയും സ്വന്തം നാടായ പയ്യന്നൂരിൽ നിന്നു തന്നെയാണ് രതീഷ് കണ്ടെത്തിയത്. അവരുടെ പേരു തന്നെയാണ് ആ കഥാപാത്രങ്ങൾക്കും നൽകിയിരുന്നത്. അവാർഡ് പ്രഖ്യാപനം നടക്കുമ്പോൾ ഇടുക്കി കട്ടപ്പനയിൽ തന്റെ രണ്ടാമത്തെ ചിത്രമായ കനകം, കാമിനി, കലഹത്തിന്റെ പണിപ്പുരയിലായിരുന്നു രതീഷ്. തിരക്കിനിടയിലും രതീഷ് തന്റെ അനുഭവം പങ്കുവച്ചു.
മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത വഴിയിലൂടെയാണ് ഈ ചിത്രം സഞ്ചരിച്ചത്. ഒരു പക്ഷെ മലയാള സിനിമയ്ക്ക് പരിചിതമല്ലാത്തെ ഒരു പരിസരവും പ്രമേയവുമാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമയിൽ റോബോർട്ടിനെ കഥാപാത്രമാക്കി കഥ പറഞ്ഞ ആദ്യ ചിത്രമെന്ന നിലയിൽ ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നുവെങ്കിലും അതെല്ലാം അസ്ഥാനത്തായി. അന്നൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. നാട്ടുകാരായ അഭിനേതാക്കളെ ഓഡിഷനിലൂടെ കണ്ടെത്തുകയായിരുന്നു.
കണ്ണൂരിന് പുറത്തുള്ള ചുരുക്കം ചില അഭിനേതാക്കളുണ്ടെങ്കിലും ബാക്കിയെല്ലാം വടക്കൻ കേരളത്തിൽ നിന്നുള്ളവർ തന്നെയാണ്. ഈ പ്രദേശത്തെ അടയാളപ്പെടുത്തുകയെന്ന ബോദ്ധ്യത്തോടെ മനപൂർവ്വം ചെയ്തതാണത്. കഥാപാത്രവും സംഭാഷണങ്ങളും ഭംഗിയോടെ അതിന്റെ എല്ലാ തനിമയോടെയും പ്രേക്ഷകരില്ലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രതീഷ് പറഞ്ഞു.
ബോളിവുഡ് സിനിമയിൽ കലാസംവിധാന രംഗത്ത് ഹരിശ്രീ കുറിച്ചാണ് പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത പരേതനായ ബാലകൃഷ്ണന്റയും നാരായണിയുടെയും മകനായ രതീഷ് സിനിമയിലെത്തുന്നത്. ദിവ്യാ വിശ്വനാഥ്ാണ് ഭാര്യ.മകൾ വരദക്ഷിണ.
'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 കണ്ണൂരിന്റെ വാമൊഴി വഴക്കത്തിൽ തീർത്ത ചലച്ചിത്ര ശിൽപ്പമാണ്. തന്റെ വീട്ടിൽ നിന്നു വരെ ഈ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. എന്റെ നാടും നാട്ടുകാരും തന്നെയാണ് ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്. ഇത് അവർക്കുള്ള അംഗീകാരം കൂടിയാണ്'- രതീഷ് പൊതുവാൾ