കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചലമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ചയോടെ തുറന്നു കൊടുത്തെങ്കിലും മിക്ക കേന്ദ്രങ്ങളും സജീവമായില്ല. കൊവിഡ് ഭീഷണിയും നിരോധനാജ്ഞയുമാണ് സഞ്ചാരികൾ മുഖം തിരിച്ചതിന് പിന്നിൽ.മോശം കാലാവസ്ഥയും തിരിച്ചടിയായി.
മുഴപ്പിലങ്ങാട് ബീച്ച്, തലശ്ശേരി പാർക്ക്, പാലക്കയം തട്ട്, പയ്യാമ്പലം, ചാൽ ബീച്ചുകൾ, കണ്ണൂർ കോട്ട, എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന സഞ്ചാരികൾ മാത്രമാണ് എത്തിയത്. വൈതൽമലയുടെ വശ്യസൗന്ദര്യം ആസ്വദിക്കാൻ ആളുകളെത്തിയിരുന്നു. എന്നാൽ പ്രവേശന കവാടത്തിൽതന്നെ വനപാലകർ സഞ്ചാരികളെ തിരിച്ചയച്ചു. കാലാവസ്ഥയുടെ പ്രശ്നമാണ് ധർമ്മടം ഡ്രൈവിൻ ബീച്ചിലേക്ക് ആളുകൾ എത്താതിരുന്നതിന് പ്രധാനകാരണം. തിങ്കളാഴ്ചയും ഇന്നലെയും ഇടതടവില്ലാതെ മഴയായിരുന്നു മിക്കയിടത്തും.
നിരോധനാജ്ഞ അവസാനിക്കുമ്പോഴെങ്കിലും സഞ്ചാരികൾ എത്തിതുടങ്ങുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പും, ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും. കാസർകോട് ജില്ലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാർച്ച് മുതൽ അടഞ്ഞു കിടക്കുന്ന വിനോദ സഞ്ചാര കേന്ദങ്ങൾ തുറക്കുമെന്ന പ്രഖ്യാപനം ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരെയും മുതൽമുടക്കിയവരെയും ആഹ്ളാദത്തിലാഴ്ത്തിയിരുന്നു
വൈതൽമലയ്ക്ക് വേണം അടിസ്ഥാനസൗകര്യം
അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാൽ വൈതൽമല സജീവമാകുമെന്ന് ഇവിടെയുള്ള സ്വകാര്യ റിസോർട്ട് നടത്തിപ്പുകാരൻ എ.സുധാകരൻ പറഞ്ഞു. ശുചി മുറി ഒരുക്കിയിട്ടുണ്ടെങ്കിലും വെള്ളം ലഭ്യമല്ല. നിരോധന കാലത്ത്പോലും നൂറുകണക്കിന് സഞ്ചാരികൾ വൈതൽമലയിൽ എത്തിയിരുന്നെന്നും സുധാകരൻ പറയുന്നു.