കാസർകോട്: വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ആശയക്കുഴപ്പത്തിലാണ് കാസർകോട്ടെ സംരംഭകർ.ടൂറിസം കേന്ദ്രങ്ങൾ പെടുന്ന മിക്ക പ്രദേശങ്ങളിലും കൂട്ടം ചേരാൻ പാടില്ലെന്ന പ്രഖ്യാപനം നിലനിൽക്കുകയാണ്. നിയന്ത്രണം നീക്കുന്നത് വരെ ട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും തുറന്ന് പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് നടത്തിപ്പുകാർ.
കുടുംബസമേതം ആർക്കും പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തിച്ചേരാൻ കഴിയാത്തതിനാൽ നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് ഉടമസ്ഥൻ പറയുന്നത്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കലിൽ അഞ്ചിലൊന്ന് പേരാണ് ഇപ്പോൾ എത്തുന്നത്. ബേക്കൽ കോട്ട കാണാൻ എത്തുന്നവരെ ക്യൂ ആർ കോഡ് ഉപയോഗിച്ചു സ്‌കാൻ ചെയ്തു ഓൺലൈൻ ആയാണ് ടിക്കറ്റ് നൽകിയാണ് അകത്തേക്ക് കടത്തിവിടുന്നത്. ആർക്കിയോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബേക്കൽ കോട്ടയിലെ പ്രവേശന ചുമതല നൽകിയിരിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിക്കാണ്. ലോക്ക്ഡൗണിന് മുമ്പ് ദിവസം അഞ്ഞൂറിലധികം ആളുകൾ കോട്ട കാണാൻ എത്തിയിരുന്നു. ഇപ്പോൾ ശരാശരി 150 ൽ താഴെ ആളുകളെ ഉള്ളു.
സെപ്തംബർ 21 ന് തന്നെ കോട്ടയിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നു. ആദ്യദിനങ്ങളിൽ മുപ്പതും നാല്പതും ആളുകൾ മാത്രമാണ് എത്തിയിരുന്നത്. പള്ളിക്കര സഹകരണ ബേങ്ക് നടത്തിപ്പ് ചുമതല ഏറ്റെടുത്ത ബേക്കൽ ബീച്ച് പാർക്ക് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഡിസംബറിൽ മാത്രമേ തുറക്കാൻ കഴിയുകയുള്ളൂ എന്ന് വ്യക്തമാക്കി ജില്ലാ കളക്ടർക്ക് കത്ത് നല്കികയിരുന്നു. എന്നാൽ നവമ്പർ ഒന്ന് മുതൽ തുറക്കണമെന്ന നിർദേശമാണ് കളക്ടർ നൽകിയതെന്ന് ബാങ്ക് സെക്രട്ടറി പുഷ്പാകരൻ പറഞ്ഞു. ലോക്ക്ഡൗണിന് മുമ്പ് ആയിരത്തോളം വിനോദ സഞ്ചാരികൾ എത്തിയിരുന്ന റാണീപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ നിലവിൽ നൂറോളം പേരാണ് എത്തുന്നത്. രാവിലെ ഒമ്പത് മണി മുതൽ മൂന്ന് മണിവരെയാണ് ഇവിടെ മലയുടെ മുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
'റാണീപുരത്ത് അഞ്ചിലൊന്ന് ആളുകൾ മാത്രമാണ് ഇപ്പോൾ വരുന്നത്. കണ്ണൂർ, കാസർകോട്, കുടക് ഭാഗത്തുള്ളവരും തദ്ദേശീയരുമാണ് കൂടുതലായി എത്തുന്നത്. വിദേശ ടൂറിസ്റ്റുകളുടെ എന്നതിൽ വലിയ കുറവുണ്ടായി. റീസർട്ടുകൾ അയക്കുന്ന വിദേശികൾ മാത്രമാണ് ഇവിടെ എത്തുന്നത്"
എസ്. മധുസൂദനൻ
( റാണീപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്)