
പയ്യന്നൂർ :മലയാള സിനിമയിൽ സമാന്തര സിനിമയുടെ പുതുവസന്തം വിരിയിച്ച നവാഗത സംവിധായകരിൽ മുൻപന്തിയിലാണ് മനോജ് കാന. കെഞ്ചിര എന്ന ചിത്രം മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതും കണ്ണൂരിന്റെ മികച്ച സിനിമാ സംസ്‌കൃതിയെ അടയാളപ്പെടുത്തി.
2012 ൽ സംവിധാനം ചെയ്ത ചായില്യം എന്ന ആദ്യസിനിമയോടെ മനോജ് ചലച്ചിത്ര ലോകത്ത് ഇടം നേടുകയായിരുന്നു. തുടർന്ന് അമീബ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. വളരെക്കാലം മുന്നേ മനസ്സിനെ ഉലച്ച കാസർകോട്ടെ എൻഡോസൾഫാൻ ദുരിതമാണ് ഇതിൽ ആവിഷ്‌കരിച്ചതെങ്കിൽ പുതിയ ചിത്രമായ കെഞ്ചിരയിൽ പറയുന്നത് ഭൂമി പ്രശ്നവും വനാവകാശ പ്രശ്നവുമാണ്. കോളനിക്കകത്തുണ്ടാകുന്ന പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം എത്തിനോക്കുന്നത്. ഈ പ്രശ്നം പശ്ചാത്തലമാക്കി സിനിമയോ നാടകമോ ചെയ്യണമെന്ന് കരുതിയതായിരുന്നില്ല. സ്വാഭാവികമായി സംഭവിച്ചതാണെന്ന് മനോജ് പറയുന്നു.
പയ്യന്നൂർ കോത്തായി മുക്കിലെ കാനാവീട്ടിൽ കെ..കെ. കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് മനോജ് കാന.