കണ്ണൂർ: ഒരിക്കലും നടിക്കില്ലെന്ന് കരുതിയ ദേശീയപാത വികസനം യാഥാർത്ഥ്യമാകുമ്പോൾ വികസനം മുടക്കികൾക്ക് എന്ത് പറയാനുണ്ടെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പങ്കെടുത്ത് കൊണ്ട് 13196 കോടി രൂപയുടെ 8 പദ്ധതികളുടെ നിർമ്മാണ പ്രവർത്തനമാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയിൽ രണ്ട് പദ്ധതികളിലായി 69.61 കീലോമീറ്റർ ദൈർഘ്യമുള്ള റോഡ് പദ്ധതിയാണ് 5756.25 കോടി രൂപ ചെലവിൽ പ്രവർത്തനം ആരംഭിക്കുന്നത്. 18 കീലോമീറ്റർ ദൂരമുള്ള മാഹി ബൈപ്പാസ് നിർമ്മാണം 883 കോടി രൂപ ചെലവിൽ ദ്രൂതഗതിയിൽ നടന്നുവരികയാണ്.
ദേശീയപാത വികസന പദ്ധതികളിൽ ഏറെ വിവാദമുണ്ടാക്കിയ ഒന്നായിരുന്നു കീഴാറ്റൂർ ബൈപ്പാസ്. മഹാഭൂരിപക്ഷം ഭൂഉടമകളും സ്ഥലം നൽകാൻ തയ്യാറായിട്ടും വികസനവിരോധികളായ ബി.ജെ.പിക്കാരും, യു.ഡി.എഫിലെ ഒരു വിഭാഗവും, എസ്.ഡി.പി.ഐയും, ജമാഅത്തെ ഇസ്ലാമിയുമെല്ലാം ചേർന്ന് സമരം സംഘടിപ്പിച്ചു. നന്ദിഗ്രാമിൽ നിന്നും മണ്ണ് അടക്കം കൊണ്ടുവന്നുകൊണ്ടായിരുന്നു ബി.ജെ.പിക്കാരുടെ സമരം. ആ മണ്ണ് തിരിച്ചെടുക്കാൻ ബി.ജെ.പിക്കാർ തയ്യാറാവുമോ?
ബി.ജെ.പി നേതാക്കൾ കീഴാറ്റൂരിൽ സമരത്തിന് നേതൃത്വം കൊടുത്തവരെ ഉറപ്പുനൽകിക്കൊണ്ട് വഞ്ചിക്കുകയാണ് ചെയ്തത്. ഭൂമി ഏറ്റെടുക്കാൻ വേണ്ട തുകയിൽ 25 ശതമാനവും സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. ഇത്തരത്തിൽ വികസനത്തിന് ഏറ്റവും മുന്തിയ പരിഗണനയാണ് എൽ.ഡി.എഫ് സർക്കാർ നൽകുന്നതെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടുന്നു.