പാനൂർ: കഴിഞ്ഞ 4 ദിവസത്തോളമായി ഡോക്ടറില്ലാതെ രാത്രി പരിശോധന മുടങ്ങിയ പാനൂർ ഗവ. ആശുപത്രിയിൽ ഇന്ന് മുതൽ ഡോക്ടറുടെ സേവനമുണ്ടാകും. ഇക്കാര്യം സംബന്ധിച്ച് മെഡിക്കൽ ഓഫീസർ ഐ.കെ അനിൽകുമാറിൽ നിന്നും ഉറപ്പ് ലഭിച്ചതായി ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഇ. മനീഷ് പറഞ്ഞു. ആശുപത്രിയിൽ മെഡിക്കൽ ഓഫീസറടക്കം 3 ഡോക്ടർമാരാണുള്ളത്. മിനിമം 7 ഡോക്ടർമാർ ഉണ്ടായാലേ രാത്രി പരിശോധന സാധ്യമാകൂ. ഡോക്ടർമാരിൽ ഒരാൾ കൊവിഡ് ബാധിച്ചതിനെ തുടർന്നും, മറ്റൊരാൾ വീണ് പരിക്കേറ്റതിനെ തുടർന്നും ദിവസങ്ങളായി വരാറില്ല. മറ്റൊരു ഡോക്ടറെയാവട്ടെ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് നേരത്തെ മാറ്റിയിരിക്കുകയാണ്. നവജാത ശിശുവിന്റെ മരണത്തെ തുടർന്ന് സ്ഥലം മാറ്റപ്പെട്ട വനിതാ ഡോക്ടറാവട്ടെ കൂത്തുപറമ്പിൽ 2 ദിവസം ഡ്യൂട്ടിയെടുത്ത ശേഷം രാജിവെക്കുകയും ചെയ്തു. ഗവ. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളം തെറ്റുന്ന അവസ്ഥയിലാണ് ബി.ഡി.ജെ.എസ് സമരവുമായി രംഗത്തെത്തിയത്.