കണ്ണൂർ/കാസർകോട്: കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ നാല് റീച്ചുകളിൽ പ്രവൃത്തിക്ക് തുടക്കമായി. തലപ്പാടി-ചെങ്കള, ചെങ്കള- നീലേശ്വരം, തളിപ്പറമ്പ് -മുഴപ്പിലങ്ങാട്, പേരാൽ -തളിപ്പറമ്പ് പ്രവൃത്തികളുടെ ഉദ്ഘാടനം ഡൽഹിയിൽ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നിർവഹിച്ചു. തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ രണ്ട് പദ്ധതികൾ ഉൾപ്പെടെ 12,692 കോടി രൂപയുടെ എട്ട് പദ്ധതികൾക്കാണ് ഇന്നലെ സംസ്ഥാനത്ത് തുടക്കമായത്.
കാസർകോട് തലപ്പാടി മുതൽ കണ്ണൂർ മുഴപ്പിലങ്ങാട് വരെയുള്ള നാല് റീച്ചുകളിലെ പദ്ധതികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. കണ്ണൂർ കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പേരാൽ- തളിപ്പറമ്പ് (40കി മീ) പാതയ്ക്ക് 3042 കോടി രൂപയും, ജില്ലയിലെ തളിപ്പറമ്പ് മുഴപ്പിലങ്ങാട് (29.50 കിമീ) പാതയ്ക്ക് 2715 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ തലപ്പാടി മുതൽ ചെങ്കള വരെ (39 കി മീ) 1981 കോടി രൂപ, ചെങ്കള നീലേശ്വരം (37.27 കി മീ) 1746 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ പങ്ക് നിസ്തുലം: നിധിൻ ഗഡ്കരി
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള തടസ്സങ്ങളെല്ലാം നീക്കി കേരളത്തിലെ ദേശീയപാത വികസനം സാദ്ധ്യമാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വഹിച്ച പങ്ക് നിസ്തുലമാണെന്നും അതിന് നന്ദി അറിയിക്കുന്നതായും ഉദ്ഘാടനപ്രസംഗത്തിൽ കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കേരളത്തിലാണ്.
അടുത്ത ഒരു വർഷത്തിനിടയിൽ 965 കോടിയുടെ എട്ട് ദേശീയപാതാ വികസന പദ്ധതികൾ കൂടി കേരളത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ദേശീയപാത വികസനത്തെ ത്വരിതപ്പെടുത്തുന്ന പ്രധാന പദ്ധതികൾക്കാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന ചടങ്ങിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു.