കാസർകോട്: കർണാടകയിൽ നിന്ന് സപ്ളൈകോ വഴി സബ്സിഡിയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന ഒരു ലോഡ് അരി മറിച്ച് വിൽക്കാൻ പൊലീസ് കൂട്ടുനിന്നുവെന്ന പരാതിയിൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായ്ക്ക് അന്വേഷണം തുടങ്ങി. പരാതി നൽകിയ കാസർകോട് ജനകീയ നീതിവേദി ഭാരവാഹി കളനാട് ദേളിവളപ്പ് സുൽത്താൻ മഹല്ലിലെ എം.എം.കെ സിദ്ധിഖിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു. ഒക്ടോബർ ഏഴിന് പുലർച്ചെ പെർള അതിർത്തി വഴി ഒരു സ്വകാര്യ വ്യക്തിയുടെ ഗോഡൗണിന് സമീപം ഒരു ലോഡ് അരി എത്തിയപ്പോൾ പൊലീസ് പിടിച്ചെടുക്കുകയും പിന്നീട് മൂന്ന് ലക്ഷം രൂപ വാങ്ങി പുലർച്ചെ തന്നെ അരിയും വാഹനവും വിട്ടു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.

കുറെക്കാലമായി ഇത്തരം തട്ടിപ്പ് നടക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. ബദിയടുക്കയിലെ വിശ്വസനീയ കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്ന് സിദ്ധിഖ് നൽകിയ മൊഴിയിലുണ്ട്. അതേസമയം ആരോപണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കർണാടകയിൽ നിന്നും ജി.എസ്.ടി ഉൾപ്പടെ അടച്ചു കൊണ്ടുവരുന്ന അരി ഗോഡൗണിൽ എത്തിക്കാതെ എങ്ങിനെ മറിച്ചു വിൽക്കാൻ കഴിയുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചോദിക്കുന്നത്. പൊലീസുകാർക്ക് മൂന്ന് ലക്ഷം കൊടുത്തുവെന്ന ആരോപണവും ദുരൂഹമാണ്.


കർണാടകയിൽ നിന്നും ലോക്കൽ പർച്ചേസ് ഇല്ലാത്തതിനാൽ പെർള ഭാഗത്തുകൂടി സപ്ലൈകോ അരി വരാനുള്ള സാദ്ധ്യത കുറവാണ്. ഹെഡ് ഓഫീസ് മുഖാന്തിരം മാത്രമാണ് കർണാടകയിൽ നിന്നും മട്ട, കറുവ അരി വാങ്ങുന്നത്.

സപ്ലൈക്കോ ഉദ്യോഗസ്ഥൻ, കാസർകോട്


കർണാടക അരി ലക്ഷങ്ങൾ വാങ്ങി മറിച്ചു വിറ്റുവെന്ന പരാതി അവിശ്വസനീയമാണ്. അതിനുള്ള സാദ്ധ്യത വളരെ കുറവാണ്. ചെറിയ എന്തെങ്കിലും ഇടപാട് നടന്നോ എന്നുമറിയില്ല. മൊഴി എടുത്തിട്ടുണ്ട് . വ്യക്തമായ അന്വേഷണം നടത്തും.

ഹരിശ്ചന്ദ്ര നായ്ക്ക്

ഡിവൈ.എസ്.പി, കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച്