chiri
വെള്ളരിക്കുണ്ട് സി.ഐ കെ പ്രേംസദൻ, എസ്‌.ഐ എം.വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള സ്മാർട്ട് ഫോണും പഠനോപകരണങ്ങളും കൈമാറുന്നു

കാഞ്ഞങ്ങാട്: പരപ്പ കനകപ്പള്ളിയിലെ പ്ലാസ്റ്റിക് ഷെഡിലെ മൺതറയിൽ വർഷങ്ങളായി കഴിയുന്ന നാലുകൊച്ചു കുട്ടികൾ നരക ജീവിതത്തിനിടയിൽ സഹികെട്ട് അദ്ധ്യാപികയുടെ സഹായത്തോടെ പൊലീസിന്റെ 'ചിരി"യിലേക്ക് കഴിഞ്ഞ ദിവസം ഫോൺ വിളിച്ചു. കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനുള്ള സംസ്ഥാന പൊലീസിന്റെ പദ്ധതിയാണ് ചിരി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കനകപ്പള്ളിയിലെ രാമചന്ദ്രൻ-വിനീത ദമ്പതികളുടെ നാലുമക്കളാണ് കഴിഞ്ഞ ഒരുവർഷമായി ചെറ്റ കുടിലിൽ കഴിഞ്ഞു വരുന്നത്.

മൂത്ത പെൺകുട്ടി മാലോത്ത് കസബയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ കുട്ടി പട്ടുവം എം.ആർ.എസ് സ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി. മൂന്നാമത്തെ കുട്ടി പരപ്പ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനി. നാലാമത്തെ കുട്ടി കനകപ്പള്ളി എൽ.പി സ്‌കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനി. തളിപ്പറമ്പ് പട്ടുവത്ത് പഠിക്കുന്ന കുട്ടിയാണ് സ്‌കൂളിലെ സംഗീത അദ്ധ്യാപിക പറഞ്ഞതനുസരിച്ചു ചിരിയിലേക്കു വിളിച്ച് ദുരവസ്ഥ വിവരിച്ചത്.

ഈ നാലു മക്കളുടെ നിഷ്‌കളങ്കമായ വാക്കുകൾ കേട്ട് ഐ.ജി.പി യുടെ ഓഫീസ് വെള്ളരിക്കുണ്ട് പൊലീസിനെ വിളിച്ചു. ഉടൻ വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേംസദൻ, എസ്‌.ഐ എം.വി ശ്രീദാസ് എന്നിവരും ജനമൈത്രി പൊലീസ്, സ്‌നേഹതീരം കൂട്ടായ്മ ,കെ.പി.എസ്.ടി.എ തുടങ്ങിയവരും ചേർന്ന് സ്മാർട്ട് ഫോണും പഠനോപകരണങ്ങളും കൈമാറി. കുട്ടികളുടെ മാതാവ് വിനീതയ്ക്കും അവർ ഉപഹാരങ്ങൾ കൈമാറി.