
കാഞ്ഞങ്ങാട്: അഭിനന്ദിക്കാനായി ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത്ബാബു വീട്ടിലെത്തിയപ്പോൾ ചിരിച്ചും കളിച്ചും നാട്ടുകാരെ കയ്യിലെടുത്ത മൊട്ടൂസ് അമ്പരന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കളക്ടർ മൊട്ടൂസിന്റെ കക്കാട്ടെ വീട്ടിലെത്തിയത്. മൊട്ടൂസിന്റെ പിതാവ് രാജേഷിനോട് വളരെ മുമ്പെ കളക്ടർ വരുമെന്നറിയിച്ചതാണ്. എന്നാൽ തിങ്കളാഴ്ച ചില പരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കളക്ടർ മൊട്ടൂസിനെ കാണാനെത്തിയത്. കൊവിഡ് ബോധവത്ക്കരണത്തിൽ വേറിട്ട ശൈലിയുമായി സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടിയ രണ്ടാം ക്ലാസുകാരൻ ദേവരാജ് കക്കാട്ട്എന്ന മൊട്ടൂസ് ഇതിനകം യൂ ട്യൂബ് ചാനലിൽ 53 ാമത്തെ എപ്പിസോഡിലാണ്.
മടിക്കൈ സെക്കന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ രണ്ടാം ക്ലാസുകാരൻ ദേവരാജ് കാഞ്ഞിരപ്പൊയിൽ ഹൈസ്‌ക്കൂൾ അദ്ധ്യാപകൻ കെ.വി രാജേഷിന്റെയും മടിക്കൈ കക്കാട്ടെ റീജയുടെയും മകനാണ്. കുട്ടിയുടെ ഈ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരുടെ പ്രശംസ നേടിയിരുന്നു. യു ട്യൂബ് ചാനൽ വഴി 35000പേർ വീക്ഷിച്ചു. പിതാവ് സ്വന്തമായി സിമന്റ്, പാഴ് വസ്തുക്കൾ, കല്ല് തുടങ്ങിയവ കൊണ്ട് നിർമ്മിച്ച ശിൽപ ഉദ്യാനമാണ് ലൊക്കേഷൻ, കാമറയും , എഡിറ്റിംഗും സംവിധാനവും പിതാവും രചന അമ്മ റീജയും നിർവഹിക്കുന്നു.
സഹോദരി ദേവിക രാജ് സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്. തന്റെ 25 എപ്പിസോഡ് പൂർത്തിയായ വേളയിൽ കുടുക്കയിലെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദേവരാജ്. 50-ാം എപ്പിസോഡ് പരിപാടിയിൽ മുൻ .എം.പി പി. കരുണാകരൻ വിട്ടിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, വൈസ് പ്രസിഡന്റ് കെ. പ്രമീള എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. പഠിച്ച് നല്ല നിലയിൽ എത്തി സമൂഹ പ്രതിബദ്ധതയുള്ള കാര്യങ്ങൾ ചെയ്യണമെന്ന് കളക്ടർ മൊട്ടൂസിനോട് പറഞ്ഞു. പതിനഞ്ചു മിനിറ്റോളം കളക്ടർ മൊട്ടൂസിനൊപ്പം കഴിഞ്ഞു.