shyam

തലശ്ശേരി: വീട്ടിൽ സംഗീതമൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. സംഗീത ഉപകരണങ്ങളുടെ പശ്ചാത്തലത്തിൽ ഒട്ടേറെ ഗായികാ ഗായകർ രാപകലില്ലാതെ റിഹേഴ്സൽ നടത്തിക്കൊണ്ടിരിക്കും. രണ്ടര വയസിൽ അവന്റെ കുഞ്ഞുവിരലുകൾ ഹാർമോണിയത്തിന്റെ കട്ടകളിൽ വീണതാണ്. അത് അവന്റെ ഹരിശ്രീ കുറിക്കലായിരിക്കാം'. -ഈ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സുഷിൻ ശ്യാമിന്റെ പിതാവും പ്രശസ്ത ഗിറ്റാറിസ്റ്റും ഫ്രണ്ട്സ് ഓർക്കസ്ട്ര ഡയറക്ടറുമായ ശ്യാമിന്റെ വാക്കുകൾ.
എന്റെ പിതാവ് ദൊരെ രാജ് 'പ്രശസ്തനായ ബാൻജോ വാദകനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് എനിക്ക് സംഗീതം പകർന്നു കിട്ടിയത്. ഹാർമ്മോണിയം, വയലിൻ, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങളിലെല്ലാം ഒരു പോലെ വൈദഗ്ധ്യം നേടാനായി. .തലശ്ശേരിയിലെ പ്രശസ്തമായ ഫ്രൻസ് ഓർക്കസ്ട്രയുടെ റിഹേഴ്സൽ സ്ഥിരമായി നടക്കുന്നത് ബിഷപ്പ് ഹൗസിന്നടുത്തുള്ള വീട്ടിൽ വച്ചായിരുന്നു. ഈ കടൽത്തീരത്ത് വെച്ചായിരുന്നു ഭാർഗ്ഗവി നിലയത്തിലെ 'അറബിക്കടലൊരു മണവാളൻ ....'' 'ഏകാന്തതയുടെ അപാരതീരം...' എന്നീ ഗാനങ്ങളുടെ ചിത്രീകരണം നടന്നത്. സുഷിൻ ആദ്യമായി സ്റ്റേജിൽ കയറിയത് മൂന്നാം വയസ്സിലായിരുന്നു. അന്ന് പിയാനോയും, കീബോർഡും എന്റെ സഹായത്തോടെ അവൻ വായിച്ചുവെന്നും പിതാവ് ഓർക്കുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി മ്യൂസിക് ബാൻഡിൽ ചേർന്നു.വലിയ സ്റ്റേജുകളിൽ സംഗീതാരവമുണർത്തി. ആറാം തരത്തിൽ വച്ചാണ് അവന് സ്വന്തമായി ഒരു കീബോർഡ് വാങ്ങിക്കൊടുത്തു. വളർന്നപ്പോൾ സംഗിതവുമായി ബന്ധമുള്ള സോഫ്റ്റ് ഫെയറുകളിലേക്കായി ശ്രദ്ധ'. തന്റെന്റെ സുഹൃത്തായ ദീപക് ദേവായിരുന്നു അവനിൽ ഏറെ സ്വാധീനം ചെലുത്തിയതെന്നും ശ്യാം പറഞ്ഞു.

ചെന്നെയിൽ അദ്ദേഹത്തോടൊപ്പം പിന്നണി സംഗീതത്തിൽ പ്രാവീണ്യം നേടി.തേജാഭായ് ആന്റ് ഫാമിലി എന്ന സിനിമയിലാണ് ദീപക് ദേവിനൊപ്പം ആദ്യമായി പശ്ചാത്തല സംഗിതമൊരുക്കിയത്.ഗപ്പി, ഡാ തടിയാ,​മായാനദി, തട്ടത്തിൻ മറയത്ത് തുടങ്ങിയ സിനിമകളിൽ ഗസ്റ്റ് റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. താഴ് വാരം എന്ന സിനിമയിൽ പാടിയിട്ടുമുണ്ട്. മോഹൻലാലിന്റെ വില്ലൻ, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ തുടങ്ങി കപ്പേള, മറഡോണ,വരത്തൻ, റോസാപ്പൂ ,എസ് റ, വൈറസ്, ലില്ലി, എന്നീ സിനിമകളിൽ പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. 2014ൽ 'സപ്തമ ശ്രീ തസ്‌ക്കര' എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്.പിന്നീട് 'റെക്സ് വിജയനൊപ്പം ' എന്ന സിനിമക്ക് വേണ്ടി ഈണം പകർന്നു.
വെനിസിൽ യാത്ര പോയ വേളയിലാണ് സുഷിന് ശ്യാമിന്റെ മനസ്സിൽ 'ചിരാതുകൾ ' എന്ന പാട്ട് വരുന്നത്. അവിടെ നിറഞ്ഞു നിൽക്കുന്ന ജലഗതാഗതവും, ബോട്ടുകളും ഇറ്റാലിയൻ ടൈപ്പ് ഗിറ്റാർ ട്യൂണുകളും കേട്ടപ്പോൾ കുമ്പളങ്ങി എന്ന പ്രദേശത്തോട് സാദൃശ്യമുള്ളതായി തോന്നി. അങ്ങിനെയാണ് സിനിമയുടെ ടൈറ്റിൽ സോംഗ് പിറന്നത്. തലശ്ശേരിക്കടലിന്റെ അപാരമായ സംഗീതം കേട്ട് വളർന്നവരാണ് കെ.രാഘവൻ മാഷും, എരഞ്ഞോളി മൂസ്സയും. ഇപ്പോഴിതാ പുതുതലമുറയുടെ ആവേശമായി ഇതെ ഇടത്ത് നിന്ന് സുഷിൻ ശ്യാമും .