thoshil
നൗഷാദിനെ വളഞ്ഞ് പിടിച്ച തൊഴിലുറപ്പ് തൊഴിലാളികൾ

നീലേശ്വരം: പത്തുകിലോ കഞ്ചാവുമായി ദേശീയപാത വഴി കാറിൽപോകുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൊടുംക്രിമിനലടക്കം രണ്ടുപേരെ പിടിച്ചത് ഒരു സംഘം തൊഴിലുറപ്പ് തൊഴിലാളികളുടെ കരളുറപ്പ് ഒന്നുകൊണ്ടുമാത്രം.

കഴിഞ്ഞദിവസം ദേശീയ പാത പള്ളിക്കര റെയിൽവെ ഗേറ്റ് പരിസരത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ചീമേനി ഭാഗത്തുനിന്ന് കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന കാരാട്ട് നൗഷാദും തളങ്കര ഷംസുദ്ദീനും പള്ളിക്കര റെയിൽവെ ഗേറ്റ് പരിസരത്താണ് നീലേശ്വരം പൊലസിന്റെ മുന്നിൽ പെട്ടത്. കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നീലേശ്വരം സി.ഐ. കെ.വി.മഹേഷും സംഘവും കാർ തടയുകയായിരുന്നു. പൊലീസിന്റെ കൈയിൽ നിന്ന് കുതറിമാറിയ നൗഷാദ് ഓടി റെയിൽവെ പാളത്തിലൂടെ പോകുന്നതിനിടയിലാണ് നീലേശ്വരം നഗരസഭ പതിനാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ മുന്നിൽപെട്ടത്. അവശനായ നൗഷാദിനെ കണ്ട് കൊവിഡ് രോഗിയാണെന്നായിരുന്നു ആദ്യം ഇവർ ധരിച്ചത്. എന്നാൽ പിന്നാലെ ഓടിവരികയായിരുന്ന സി.ഐയും സംഘവും കള്ളനെ പിടിക്കൂ എന്ന് ആവശ്യപ്പെട്ടതോടെ സ്ത്രീതൊഴിലാളികളെല്ലാം കൂടി നൗഷാദിനെ വളഞ്ഞുവച്ചു. ബലപ്രയോഗത്തിന് മുതിർന്നെങ്കിലും തൊഴിലാളി സ്ത്രീകളുടെ കരുത്തിന് മുന്നിൽ ഈയാൾ കീഴടങ്ങുകയും ചെയ്തു. അപ്പോഴേക്കും സമീപവാസികളും പിന്നാലെ പൊലീസും എത്തിയതോടെ നൗഷാദ് കീഴടങ്ങി.

നഗരസഭയിലെ പതിനാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ ചന്ദ്രമതി, ബേബി, പത്മാക്ഷി, ഗൗരി, ശാന്ത, നാരായണി, ഓമന, യശോദ, ലക്ഷ്മി, രമണി, ലീല, ദേവകി, വിലാസിനി, പി. ലീല ,ദേവകി, തങ്കമണി, സുശീല, നിഷ, പത്മിനി എന്നിവരും സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ മണ്ടേമ്മാട്ടെ ജാനകിയുമാണ് ഈ ധീരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ. നൗഷാദിന്റെ കൂടെയുണ്ടായിരുന്ന തളങ്കര ഷംസുദ്ദീനെ സി.ഐ.മഹേഷും സംഘവും കൈയോടെ പിടികൂടിയിരുന്നു.