കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കൈത്തറി വികസന കോർപ്പറേഷനിലെ ജീവനക്കാരും നെയ്ത്ത് തൊഴിലാളികളും പ്രക്ഷോഭത്തിന്. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലെന്നാണ് പരാതി. തുടങ്ങിയതിൽ പകുതിയിലേറെ ഷോറൂമുകളും പൂട്ടിയതിനെതിരെ സർക്കാരിനെതിരെ സി.ഐ.ടി.യു തന്നെ നേരത്തെ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. എട്ട് മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കെ.എസ്.എച്ച്.ഡി.സി എംപ്ളോയീസ് യൂണിയന്റെ ( സി.ഐ.ടി.യു) നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.
ഹാൻവീവ് വസ്ത്രങ്ങൾക്ക് ജി.എസ്.ടി വന്നതോടെ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഉത്സവ സീസണിൽ കേന്ദ്ര സർക്കാർ നൽകി വന്ന പത്ത് ശതമാനം റിബേറ്റ് നിർത്തലാക്കിയതും കോർപ്പറേഷനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം മാത്രം ശമ്പളം നൽകാനായി ലക്ഷങ്ങൾ വേണം. ഷോറൂമുകളിൽ പലതും വരുമാനമില്ലാതെ അടച്ചു പൂട്ടേണ്ട നിലയിലാണെന്നും പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സർക്കാർ നൽകാനുള്ള എട്ടരക്കോടിയിലധികം രൂപ കുടിശ്ശികയായതും ഹാൻവീവിന് തിരിച്ചടിയായി.
നാലിൽ മൂന്നും പൂട്ടി
ഹാൻവീവ് കോർപ്പറേഷന്റെ ആസ്ഥാനമായ കണ്ണൂരിലെ നാല് ഷോറുമുകളിൽ മൂന്നെണ്ണവും പൂട്ടി. കഴിഞ്ഞവർഷം മാത്രം ഏഴരക്കോടി രൂപയുടെ നഷ്ടമുണ്ടായതായും പറയുന്നു. അമ്പത് വർഷം മുമ്പ് തുടങ്ങിയ സ്ഥാപനം ഇന്നുവരെ ലാഭത്തിലായിട്ടില്ല.
മുഖ്യമന്ത്രിയും വ്യവസായ വകുപ്പ് മന്ത്രിയും പ്രതിനിധീകരിക്കുന്ന കണ്ണൂർ ജില്ലയിലെ പരമ്പരാഗത തൊഴിലാളികളെയും ഹാൻവീവ് ജീവനക്കാരെയും വേതനം നൽകാതെ അവഗണിക്കുകയാണ്. കൊവിഡിന്റെ പേരു പറഞ്ഞ് പരമ്പരാഗത വ്യവസായ സ്ഥാപനത്തിലെ തൊഴിലാളികളെ പട്ടിണിക്കിടരുത്.
- വി.ആർ. പ്രതാപൻ, സംസ്ഥാന ജനറൽ സെക്രട്ടറി,
കൈത്തറി വികസന കോർപ്പറേഷൻ
സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.)
കഴിഞ്ഞ ഡിസംബറിൽ കരിദിനം, സത്യഗ്രഹം തുടങ്ങിയ സമര പരിപരിപാടികൾ നടത്തിയെങ്കിലും നടപടിയായില്ല. ശമ്പളപരിഷ്കരണം, ക്ഷാമബത്ത, ലീവ് സറണ്ടർ, പ്രമോഷൻ എന്നിവയും കിട്ടുന്നില്ല. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കും.
എസ്.കെ വിനോദ്, സെക്രട്ടറി കെ.എസ്.എച്ച്.ഡി.സി എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു)