പാപ്പിനിശ്ശേരി: 2019 സെപ്തംബർ എട്ടിന് പുലർച്ചെയാണ് പാപ്പിനിശ്ശേരി - ചുങ്കം ദേശീയ പാതയ്ക്കരികിൽ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണ കാമറ തകർന്നത്. വെറുതെ തകർന്നതല്ല, നിയന്ത്രണം തെറ്റിവന്ന പിക്കപ്പ് വാൻ നിരീക്ഷണ കാമറയും സമീപത്തെ വൈദ്യുതി തൂണും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാമറ നനയാതിരിക്കാൻ പ്ളാസ്റ്റിക്ക് ഷീറ്റ് പൊതിഞ്ഞുവച്ചുപോയ അധികൃതർ പിന്നീട് ഇതുവഴി തിരഞ്ഞുനോക്കിയിട്ടില്ല.
ഒരു വർഷംകഴിഞ്ഞപ്പോൾ പുല്ലും കാടും നിറഞ്ഞ് തൂണു പോലും ഇപ്പോൾ കാണാനില്ല. പുല്ലുകളുടെ ഇടയിൽ പൊതിഞ്ഞ പ്ലാസ്റ്റിക്കാണ് ഇവിടെ കാമറ ഉണ്ടായിരുന്നതിന് തെളിവായി ഇപ്പോഴുള്ളത്. ദേശീയ പാതയിൽ പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപത്ത് 2015 ലാണ് കാമറ സ്ഥാപിച്ചത്. തൊട്ടടുത്ത് കുറ്റിക്കോലിലും മറ്റൊരു കാമറ സ്ഥാപിച്ചു . ആദ്യ ഘട്ടത്തിൽ ഫലപ്രദമായി പ്രവർത്തിച്ചിരുന്നവയായിരുന്നു ഇവ രണ്ടും.
ഒരു വർഷത്തിനിടയിൽ നിരീക്ഷണകാമറ പ്രവർത്തനക്ഷമമാക്കാൻ ഒരു നടപടിയും മോട്ടോർ വാഹന വകുപ്പോ പൊലീസോ നടത്തിയില്ല. ദേശീയ പാതകളിൽ സുരക്ഷാ സംവിധാനവും അമിത വേഗവും തടയാനാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഗതാഗതനിയമലംഘനം കണ്ടെത്തുന്നതിനു പുറമെ നിർണായകമായ പല വിവരങ്ങളും ലഭിക്കാനുള്ള സാദ്ധ്യതയാണ് കാമറ പുനഃസ്ഥാപിക്കാത്തതിലൂടെ ഇല്ലാതാകുന്നത്.