കണ്ണൂർ: ഇരിണാവിൽ ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം തുടങ്ങുമെന്ന വ്യവസായ മന്ത്രിയുടെ വാഗ്ദാനം കടലാസിലുറങ്ങുന്നു. സർക്കാരിന്റെയും സ്വകാര്യ വ്യവസായികളുടെയും സംയുക്ത സംരംഭമായി പി.പി.പി അടിസ്ഥാനത്തിൽ തുടങ്ങാമെന്ന പ്രഖ്യാപനമാണ് എങ്ങുമെത്താതായത്. ഇരിണാവിൽ താപ വൈദ്യുതി നിലയത്തിനായി ഏറ്റെടുത്ത സ്ഥലത്തു പദ്ധതി തുടങ്ങാനായിരുന്നു ലക്ഷ്യം.

എന്നാൽ കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി വിട്ടു നൽകിയ സ്ഥലം സംസ്ഥാന സർക്കാരിന് ഇതുവരെയും തിരിച്ചു കിട്ടിയില്ല. ഇതാണ് പദ്ധതി തുടങ്ങാൻ കഴിയാത്തതിന് കാരണം. 1997 ലാണ് കല്യാശേരി, പാപ്പിനിശേരി വില്ലേജുകളിലായി കിടക്കുന്ന 164 ഏക്കർ സ്ഥലം കിൻഫ്ര ഏറ്റെടുക്കുന്നത്. താപ വൈദ്യുതി നിലയത്തിനായാണ് ആദ്യം സ്ഥലം ഏറ്റെടുത്തതെങ്കിലും പദ്ധതി നടപ്പിലായില്ല. പിന്നീട് കൽക്കരി അധിഷ്ഠിത വ്യവസായത്തിനായി ആലോചിച്ചു. അതും ഒഴിവാക്കി. സിമന്റ്‌ കമ്പനിക്കായി ജെ.പി ഗ്രൂപ്പിന് വിട്ടു നൽകിയെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം സിമന്റ്‌ വ്യവസായവും നടത്താനായില്ല.

പിന്നീടാണ് സ്ഥലം കോസ്റ്റ് ഗാർഡ് അക്കാഡമി തുടങ്ങാനായി വിട്ടു കൊടുത്തത്. പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.

കേന്ദ്രം സ്ഥലം കൈമാറിയില്ല

കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി വിട്ടു കൊടുത്ത സ്ഥലം കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് ഇതുവരെയായും തിരിച്ചു കിട്ടിയിട്ടില്ല. 164 ഏക്കർ സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. സ്ഥലം വിട്ടു കിട്ടിയാൽ മാത്രമേ ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം ആരംഭിക്കാൻ സാധിക്കുകയുള്ളു. അതിനായുള്ള ഇടപെടലുകളാണ് ശക്തമായി നടക്കേണ്ടത്.

ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം നടപ്പാക്കാൻ നടപടി സ്വീകരിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ.പി ജയരാജൻ എന്നിവർക്ക് നിവേദനം നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് വരാൻ പോകുന്നത്. മികച്ച രീതിയിൽ ഇവിടെ വ്യവസായം നടത്താനും കഴിയും.

സി. ജയചന്ദ്രൻ, ചെയർമാൻ, ദിശ