കാഞ്ഞങ്ങാട്: ബ്രിട്ടീഷ് ഭരണകാലത്ത് കുടകിലേക്ക് പോകുന്നവർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ഇരിയയിൽ പണികഴിപ്പിച്ച ബംഗ്ലാവ് ചരിത്ര സ്മാരകമാക്കാൻ നടപടികളുണ്ടാവണമെന്ന് കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോട് ആവശ്യപ്പെട്ടു. പരിചരണ കുറവ് കൊണ്ടും ആൾപ്പെരുമാറ്റം ഇല്ലാതെയും ബംഗ്ലാവ് നാശോന്മുഖമായി. രണ്ടുവർഷം മുമ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കെട്ടിടം പുതുക്കി പണിത് ചരിത്രസ്മാരകമായി നിലനിർത്തുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു.