muneeesa
മുനീസ അമ്പലത്തറ

കണ്ണൂർ: അന്ധതയെ തോൽപ്പിച്ച് സമൂഹത്തിൽ വെളിച്ചം പകരുകയാണ് കാസർകോട് അമ്പലത്തറ സ്വദേശി മുനീസ അമ്പലത്തറ. എൻ‌ഡോസൾഫാൻ പീഡിതർക്ക് വേണ്ടി തന്റെ പരിമിതികൾ മറികടന്നുള്ള പോരാട്ടത്തിലാണ് എൻഡോസൾഫാൻ ഇര കൂടിയായ മുനീസ. സോഷ്യൽ സയൻസിൽ എം.എ,ബി.എഡ് ബിരുദം നേടിയ ഇവർ കഴിഞ്ഞ എട്ടുവർഷമായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡന്റാണ്.

എൻഡോസൾഫാൻ വിഷയത്തിൽ നടത്തിയ സമരങ്ങളുടെയെല്ലാം മുൻ നിരയിൽ തന്നെ മുനീസയുണ്ട്. രണ്ടു വർഷം അദ്ധ്യാപന രംഗത്ത് പ്രവൃത്തിച്ച മുനീസയുടെ മുന്നിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങളിൽ നിന്ന് ആദ്യവിളി എത്തുക. മുനീസയുടെ സാന്ത്വനവാക്ക് അത്രയ്ക്ക് ആശ്വാസമാണിവർക്ക്. മാനസികവും ശാരീരികവുമായ വെല്ലുവിളി അനുഭവിക്കുന്നവരെ നേരിട്ട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും മുനീസ ശ്രദ്ധിക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ഡേ കെയർ സെന്ററിൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരികയാണ് ഇവർ.

കീടനാശിനി ലോബികൾക്കെതിരായും ശക്തമായ പോരാട്ടമാണ് മുനീസയുടെ നേതൃത്വത്തിൽ നടത്തുന്നത്. അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും ഇപ്പോൾ മാസപെൻഷനും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിഷേധിക്കപ്പെടുകയാണെന്ന് മുനീസ പറഞ്ഞു. കാസർകോട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആക്കിയതോടെ എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടുന്നവർ മതിയായ ചികിത്സ ലഭിക്കാതെ വലയുകയാണെന്നും മുനീസ പറയുന്നു.

60 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ടാറ്റയുടെ കൊവിഡ് ആശുപത്രി ഉള്ളപ്പോഴാണ് കാസർകോട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആക്കുന്നത്. ഇതുമൂലം എൻഡോസൾഫാൻ ദുരിതബാധിതരും സാധാരണക്കാരായ രോഗികളും വലയുകയാണ്. കോടതി വിധി ഉണ്ടായിട്ടു പോലും ദുരിതബാധിതർക്ക് വേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. തുടർന്നും അവകാശങ്ങൾക്ക് വേണ്ടി ശക്തമായി പോരാടുക തന്നെ ചെയ്യും.

മുനീസ