raneepuram-
റാണിപുരം

കാസർ‌കോട്: ജില്ലയിലെ പ്രധാന ടൂറിസം സങ്കേതമായ റാണിപുരത്ത് ആതിരപ്പള്ളി മോഡലിൽ പശ്ചാത്തലസൗകര്യമൊരുക്കണമെന്ന പനത്തടി ഗ്രാമപഞ്ചായത്തിന്റെ അടക്കമുള്ള ആവശ്യം അവഗണിച്ച് വനംവകുപ്പ്. അതിമനോഹര പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് കുടുംബസമേതം എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ആതിരപ്പള്ളി മാതൃകയിൽ പദ്ധതികൾ നടപ്പിലാക്കണമെന്ന നിർദ്ദേശം പനത്തടി പഞ്ചായത്ത് സമർപ്പിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും അനുകൂലനിലപാട് ഉണ്ടായിട്ടില്ല.

വനംവകുപ്പ് മന്ത്രി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് മുന്നിൽ പ്രോജക്ട് സമർപ്പിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. അതിരപ്പള്ളിയിലേക്കുള്ള റോഡ് കല്ലു പാകുകയും ഇരുപാർശ്വങ്ങളും സൗന്ദര്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായി പ്രകൃതിക്ക് ദോഷം വരാത്ത വിധത്തിൽ റാണിപുരത്തും സൗകര്യമൊരുക്കണമെന്നാണ് പനത്തടി ഗ്രാമപഞ്ചായത്തിന്റെ ആവശ്യം.

സഞ്ചാരികളിൽ നിന്നും 30 രൂപ പ്രവേശന ടിക്കറ്റ് തുക ഈടാക്കുന്നത് ഒഴിച്ചാൽ റാണിപുരത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് വേണ്ടി വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. അഞ്ച് ഗാർഡുകളെയും ഏതാനും ദിവസക്കൂലിക്കാരെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഒന്നും ചെയ്തില്ലെങ്കിലും വരുമാനം കിട്ടുമെന്ന മനോഭാവം ആണ് വനംവകുപ്പിനെന്നാണ് തദ്ദേശീയരുടെ ആക്ഷേപം. വികസന പദ്ധതികളുടെ നടത്തിപ്പ് ചുമതല അതിരപ്പള്ളിയിലെ പോലെ വനസംരക്ഷണ സമിതിയെ ഏല്പിച്ചാലും മതിയാകുമെന്ന് പഞ്ചായത്ത് മുന്നോട്ടു വെച്ചിരുന്നു. ഇതും ഗൗനിച്ചിട്ടില്ല. റാണിപുരത്ത് എത്തുന്ന കുട്ടികൾ അടക്കമുള്ള സഞ്ചാരികൾക്ക് കടുത്ത ദുരിതമാണ് നിലവിൽ അനുഭവിക്കേണ്ടിവരുന്നത്. ഭൂവുടമകൾ സ്ഥലം വിട്ടുകൊടുക്കാത്തതും വികസനത്തെ ബാധിക്കുന്നുണ്ട്.

ഹൈടെക് റോഡ് വന്നു

റാണിപുരത്തേക്കുള്ള റോഡ് ഹൈടെക്ക് ആക്കിയത് ഗുണകരമാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് ക്വാർട്ടേഴ്സുകൾ പണിയാൻ 40 ലക്ഷം നൽകി. കുട്ടികളുടെ പാർക്ക്, ഓപ്പൺ ഓഡിറ്റോറിയം, സ്വിമ്മിംഗ് പൂൾ എന്നിവ പണിയാൻ ഒരു കോടിയും അനുവദിച്ചു. ഇവയുടെ നിർമ്മാണ ചുമതല ഹൗസിംഗ് ബോർഡിനെ ഏൽപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് മുമ്പ് സീസൺ ദിവസങ്ങളിൽ 2000 പേരെങ്കിലും ഇവിടെ എത്താറുണ്ട്. മഴക്കാലത്ത് മാത്രമാണ് സഞ്ചാരികളുടെ കുറവ് ഉണ്ടാകുന്നത്.

ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് രണ്ട് തടസങ്ങളാണ് നമ്മൾ നേരിടുന്നത്. ഒന്ന് വനംവകുപ്പിന്റെ നിസഹകരണവും രണ്ട് സ്ഥലം വിട്ടുകിട്ടാത്ത പ്രശ്നവും. കാട്ടിനുള്ളിലൂടെ മുകളിൽ കയറിയാൽ ഉല്ലസിക്കാൻ എന്തെങ്കിലും സംവിധാനം വേണ്ടേ..? അതിന് വനംവകുപ്പിന്റെ മനോഭാവം മാറണം'

വി. ജി. മോഹനൻ (പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )