നീലേശ്വരം: ദേശീയപാത വികസനമുമായി ബന്ധപ്പെട്ട് നീലേശ്വരം മാർക്കറ്റ് റോഡിൽ കെട്ടിടം പൊളിച്ച് തുടങ്ങി. തൈകടപ്പുറം പള്ളിക്കമ്മറ്റിയുടെ അധീനതയിലുള്ള രണ്ട് ഓടിട്ട കെട്ടിടങ്ങളാണ് ഇന്നലെ പൊളിക്കാൻ തുടങ്ങിയത്. സമീപത്തുള്ള മറ്റ് കെട്ടിടങ്ങളും ഉടൻ പൊളിച്ചുനീക്കും. ഈ മാസം 18 ന് മുമ്പ് മറ്റ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവ പൊളിച്ചുനീക്കുന്നുണ്ടോയെന്നറിയാൻ ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ചു. കട ഉടമകൾക്ക് 18 ന് മുമ്പ് കട ഒഴിഞ്ഞില്ലെങ്കിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കുമെന്നും ദേശീയപാത അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ നിലവിൽ കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വാടകക്കാരോട് ഒഴിയാൻ കെട്ടിട ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നൽകേണ്ട നഷ്ടപരിഹാര തുക സംബന്ധിച്ച് ഇപ്പോഴും തീർപ്പായിട്ടില്ല. വാടകക്കാർ മുടക്കിയ തുക അടക്കം കണക്കാക്കിയാണ് കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നാണ് ദേശീയപാത അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ വർഷങ്ങളായി കച്ചവടം ചെയ്യുന്ന വാടക കച്ചവടക്കാരും കുടുംബങ്ങളും വഴിയാധാരമാകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.