പയ്യന്നൂർ: മണ്ഡലത്തിലൂടെ കടന്ന് പോകുന്ന തീരദേശ ഹൈവേയുടെ ആദ്യ റീച്ചിന് 34.71 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ബോർഡ് ഭരണാനുമതി നൽകി. മണ്ഡലത്തിൽ രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് മുതൽ രണ്ടുതെങ്ങ് കടവ് വരെ 11 കിലോമീറ്റർ ദൂരത്തിലാണ് തീരദേശ ഹൈവേ കടന്ന് പോകുന്നത്‌. ഇതിൽ പാലക്കോട് മുതൽ കാരന്താട് വരെയുള്ള 4.6 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് സി. കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. നിലവിലുള്ള പൊതുമരാമത്ത് റോഡിന് ഇരുവശത്തും വീതി കൂട്ടി രണ്ട് മീറ്റർ സൈക്കിൾ പാതയുൾപ്പെടെ 14 മീറ്റർ വീതിയിലാണ് പുതിയ ഹൈവേ വരുന്നത്.