neyth
നെയ്ത്തു വ്യാവസായ സഹകരണ സംഘം

കാഞ്ഞങ്ങാട്: പിടിച്ചു നിൽക്കാനാകാതെ കിതയ്ക്കുകയാണ് നെയ്ത്തു സഹകരണ സംഘങ്ങൾ. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥകളുൾപ്പെടെ ആനുകൂല്യങ്ങളുമായി സർക്കാർ രംഗത്തു വന്നില്ലെങ്കിൽ കൈത്തറിയെന്ന പരമ്പരാഗത വ്യവസായ മേഖല അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളത്. കാസർകോട് ജില്ലയിൽ സജീവമായ ആറു നെയ്ത്തു സഹകരണ സംഘങ്ങളാണ് ഉള്ളത്. മാവുങ്കാൽ രാംനഗർ, കാസർകോട്, തൃക്കരിപ്പൂർ, മാണിയാട്ട്, പെർള, നീലേശ്വരം. ഉദുമയിലെ സഹകരണസംഘം പൂട്ടിയിട്ടു വർഷങ്ങളായി. പിന്നാലെ കളനാട്ടെ സംഘവും അടച്ചുപൂട്ടി.
അതിജീവനത്തിനായുള്ള പരിശ്രമത്തിനിടെ പടർന്ന കൊവിഡ് സംഘങ്ങളെ പാടേ തളർത്തിയിരിക്കുകയാണ്.

വിഷു, ഓണം വേളകളിലെ റിബേറ്റോടു കൂടിയ പ്രദർശന വിപണന മേളകൾ കൊവിഡ് ഇല്ലാതാക്കി. ക്രിസ്മസ് കാലത്ത് 5 ദിവസം റിബേറ്റോടു കൂടിയ വിൽപനയുള്ളതിലാണ് ഇനി പ്രതീക്ഷ.

പെൻഷൻ പ്രായം 58 ആണെങ്കിലും വിരമിച്ച ശേഷവും സംഘങ്ങളിൽ ജോലിക്കെത്തിയവരുണ്ടായിരുന്നു. പുതുതായി ആളുകൾ ഈ തൊഴിൽമേഖലയിലേക്ക് എത്താത്തതാണു ഇതിനു കാരണം. കൃത്യമായി ജോലിക്കെത്തുന്ന വിദഗ്ധ തൊഴിലാളിക്കു പോലും ഒരു ദിവസം പരമാവധി വേതനമായി ലഭിക്കുന്നത് 200-250 രൂപ മാത്രമാണ്.

പിടിവള്ളിയിലും പിടിവിട്ടു
പിടിച്ചു നിൽക്കാൻ തത്രപ്പെടുന്ന സംഘങ്ങൾക്കു കിട്ടിയ പിടിവള്ളിയായിരുന്നു സ്‌കൂൾ യൂണിഫോമിനുള്ള സർക്കാരിന്റെ ഓർഡർ. സംഘങ്ങളിൽ നെയ്തടുക്കുന്ന വെള്ള തുണി ഹാൻവീവ് ശേഖരിച്ച് ഓരോ സ്‌കൂളുകളുടെയും ആവശ്യമനുസരിച്ച് തമിഴ്നാട്ടിൽ നിന്നു കളർ ചെയ്തു കൊണ്ടുവരികയാണിപ്പോൾ. എന്നാൽ സ്‌കൂളുകൾ തുറക്കാതായതോടെ ലഭിച്ച ഓർഡർ തുണികൾ സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. വിദ്ഗ്ധ തൊഴിലാളികൾക്ക് ജൂലായ് മുതലുള്ള വേതനവും കിട്ടാനുണ്ട്.

നൂലിനും ക്ഷാമം
ജില്ലാ വ്യവസായ കേന്ദ്രം മുഖേനയാണ് സംഘങ്ങൾക്ക് ആവശ്യമായ നൂൽ നൽകുന്നത്. തമിഴ്നാട്ടിൽ നിന്നു ആവശ്യത്തിനു നൂൽ എത്താതായതോടെ സംഘങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. കാസർകോട് സംഘത്തിൽ യൂണിഫോം നെയ്യുന്നതിനായി തറികളിൽ കയറ്റിവച്ച പാവ് നൂലില്ലാത്തതിനാൽ അതേ പടി നിർത്തേണ്ടസ്ഥിതിയായി.




ഉത്സവവേളകളിൽ സർക്കാർ പ്രഖ്യാപിച്ച റിബേറ്റിനത്തിലും സംഘങ്ങൾക്കു ലക്ഷങ്ങൾ കുടിശിക ലഭിക്കാനുണ്ട്. രാംനഗർ സംഘത്തിനു മാത്രം ഈയിനത്തിൽ 11 ലക്ഷം രൂപയുടെ കുടിശികയുണ്ട്.

സി.കെ. ഗംഗാധരൻ,​ രാംനഗർ സംഘം സെക്രട്ടറി