neyth

മാവുങ്കാൽ: അല്ലെങ്കിലേ പ്രതിസന്ധിയാണ്. കൊവിഡും കൂടി വിരുന്നെത്തിയതോടെ അതു പൂർണ്ണമായി. ഇപ്പോഴാകട്ടെ വിപണിയുമില്ല, കൂലിയുമില്ലാത്ത അവസ്ഥയിലായി കൈത്തറി മേഖല. ജില്ലയിലെ സജീവമായ ആറു നെയ്ത്തു സഹകരണ സംഘങ്ങളും പിടിച്ചു നിൽക്കാൻ പാടു പെടുകയാണ്. ഉദുമയിലെയും കളനാട്ടെയും സംഘങ്ങൾക്ക് താഴിട്ടതോടെ ഇനി മാവുങ്കാൽ രാംനഗർ, കാസർകോട്, തൃക്കരിപ്പൂർ, മാണിയാട്ട്, പെർള, നീലേശ്വരം എന്നിവിടങ്ങളിലേ സംഘങ്ങൾ അവശേഷിക്കുന്നുള്ളൂ.
വിഷു, ഓണം വിപണി പൊളിഞ്ഞതോടെ ഇവരുടെ പ്രതീക്ഷയറ്റു. ലോക്ക്ഡൗൺ കാലത്ത് രണ്ടു മാസം അടച്ചിടേണ്ടി വന്നതും കൂനിന്മേൽ കുരുവായി. ഇപ്പോഴും കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ജോലിക്കെത്താനും കഴിയുന്നില്ല. ക്രിസ്മസ് കാലത്ത് 5 ദിവസം റിബേറ്റോടു കൂടിയ വിൽപ്പന പതിവുണ്ടെങ്കിലും ഈ വർഷം അതും സംശയത്തിലാണ്.

സ്‌കൂൾ യൂണിഫോം ഓർഡർ ഒരു കച്ചിത്തുരുമ്പായിരുന്നു. സംഘങ്ങളിൽ നെയ്യുന്ന വെള്ള തുണി ഹാൻവീവ് ശേഖരിച്ച് തമിഴ്‌നാട്ടിൽ നിന്നും കളർ ചെയ്തു കൊണ്ടുവരികയാണിപ്പോൾ. എന്നാൽ സ്‌കൂളുകൾ തുറക്കാത്തതോടെ പ്രതീക്ഷ മങ്ങി. ജൂലൈ മുതലുള്ള വേതനവും കുടിശികയാണ്. പെർല ഒഴികെയുള്ള സംഘങ്ങൾക്കാണ് യൂണിഫോം ഓർഡർ ലഭിക്കുക.
ജില്ലാ വ്യവസായ കേന്ദ്രമാണ് സംഘങ്ങൾക്ക് നൂൽ നൽകുക. കൊവിഡിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നും നൂൽ ലഭിക്കാത്തത് പ്രവർത്തനത്തെ ബാധിച്ചു. കാസർകോട് സംഘത്തിൽ തറികളിൽ കയറ്റിവെച്ച യൂണിഫോമിന്റെ പാവ് നൂലില്ലാത്തതിനാൽ അതേ പടി നിർത്തേണ്ടി വന്നു. ഇതിൽ മറ്റു ജോലികൾ ചെയ്യാനുമാകില്ല.
പെൻഷൻ പ്രായം 58 ആണെങ്കിലും വിരമിച്ച ശേഷവും സംഘങ്ങളിൽ ജോലിക്കെത്തിയവരുണ്ടായിരുന്നു. പുതു തലമുറ കൈയ്യൊഴിഞ്ഞതാണ് ഇതിനു കാരണം. എന്നാൽ കൊവിഡ് വന്നതോടെ 60 കഴിഞ്ഞവർക്ക് വരാൻ കഴിയാതെയായി. കൃത്യമായി ജോലിക്കെത്തുന്ന വിദഗ്ദ്ധ തൊഴിലാളിക്കു പോലും പരമാവധി വേതനം 200-250 രൂപയാണ്. മറ്റു തൊഴിലെടുക്കാൻ കഴിയാത്തതാണ് പലരും ഇതിൽ തുടരാൻ കാരണം.

തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വ്യാജ ഉത്പന്നങ്ങൾ സംഘങ്ങൾക്കു ഭീഷണിയാണ്. 300 രൂപയുടെ കൈത്തറി മുണ്ടിനു ബദലായി തമിഴ്‌നാട്ടിൽ യന്ത്രങ്ങളിൽ നെയ്ത മുണ്ട് 110 രൂപയ്ക്കാണു വിൽക്കുന്നത്.

സർക്കാർ പ്രഖ്യാപിച്ച റിബേറ്റിൽ ലക്ഷങ്ങൾ കുടിശികയുണ്ട്. രാംനഗർ സംഘത്തിനു മാത്രം 11 ലക്ഷമാണ് കുടിശിക. പല സംഘങ്ങളും വായ്പയെടുത്താണ് പിടിച്ചു നിൽക്കുന്നത്

സി.കെ. ഗംഗാധരൻ

സംഘം സെക്രട്ടറി