miyavakki
നടക്കാവിൽ മിയാവാക്കി പദ്ധതിക്ക് നിലമൊരുക്കുന്നു.

തൃക്കരിപ്പൂർ: പരിമിതമായ സ്ഥലത്ത് ഇടതൂർന്ന് മരം വച്ചുപിടിപ്പിച്ച് ചെറിയ സമയത്തിനുള്ളിൽ കാടാക്കി മാറ്റുന്ന മിയാവാക്കി മാതൃകയിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവിൽ വനമൊരുക്കുന്നു.

ഒരു ഏക്കർ ഭൂമിയിൽ ആയിരം മരങ്ങളുള്ള വനം നട്ടുപിടിപ്പിക്കാൻ സാധിക്കും. ചാണകം പോലെയുള്ള ജൈവവളങ്ങൾ ഉപയോഗിച്ച് മണ്ണിനെ പുഷ്ടിപ്പെടുത്തി യന്ത്രസഹായത്തോടെ ഒരു മീറ്റർ ആഴത്തിൽ വരെ മണ്ണിളക്കി തൈകൾ നടുന്നതാണ് ഈ രീതി. ഒരു ചതുരശ്ര മീറ്ററിൽ മൂന്ന് മുതൽ അഞ്ചുവരെ തൈകൾ വരുന്ന രീതിയിൽ ഇടതിങ്ങിയാണ് ഇവ നടുന്നത്.

എട്ടുമാസത്തിനുള്ളിൽ ഹരിത മേലാപ്പിന് താഴേക്ക് സൂര്യരശ്മികൾ കടക്കാത്ത രീതിയിൽ നിബിഡവനം വളരുന്നു. സൂര്യപ്രകാശത്തിന് വേണ്ടിയുള്ള മത്സരം മരങ്ങളുടെ വളർച്ച കൂട്ടും. ഇതോടെ ഹരിത മേലാപ്പിന്റെ വളർച്ചയും വേഗത്തിലാവുന്നു.

തൃക്കരിപ്പൂർ ഫോക് ലാന്റിന്റെ സഹകരണത്തോടെ നടക്കാവിൽ നടത്തുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയുടെ പ്രാഥമിക ഘട്ടം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഫോക്‌ലാന്റ് ചെയർമാൻ ഡോ. വി. ജയരാജൻ, കെ.സുരേശൻ, സതീശ് ബങ്കളം, പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

മിയാവാക്കി

ചുരുങ്ങിയ സ്ഥലത്ത് ഒരു വർഷത്തിനകം സൂര്യപ്രകാശം കടക്കാത്ത വിധം വൃക്ഷലതാദികൾ വളർത്തിയെടുക്കുന്നതാണ് മിയാവാക്കി രീതി. 100 വർഷം പഴക്കമുള്ള ജൈവവൈവിധ്യമാർന്ന വനം വെറും പത്തുവർഷം കൊണ്ട് സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ വിപ്ലവകരമായ രീതിയാണിത്.

മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പുരസ്‌കാരം നേടിയ യോകോഹാമ സർവകലാശാല പ്രൊഫസറും ലോക പ്രശസ്ത ജപ്പാനീസ് സസ്യ ശാസ്ത്രജ്ഞനുമായ ഡോ. അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത കൃഷി രീതിയാണ് മിയാവാക്കി .
കേരളത്തിലെ കാവുകളുടെ ജപ്പാനീസ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങൾ നഗരങ്ങൾ വനവൽക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപനില കുറയ്ക്കുന്നതിനും സഹായകരമാണ്.