പയ്യന്നൂർ: താലൂക്കിലെ ഭൂ പ്രശ‌്നങ്ങൾക്ക‌് പരിഹാരം കാണണമെന്ന‌് ആവശ്യപ്പെട്ട‌് കെ.എസ‌്.കെ.ടി.യു , കർഷക സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലൂക്ക‌് ഓഫീസിനു മുന്നിൽ നടത്തി വന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഒത്തുതീർപ്പായി. സി. കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും സമരസമിതി നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവെച്ചത്.
ഡെപ്യൂട്ടി കലക്ടർ (എൽ ആർ) ജയശ്രീ, താലൂക്ക് തഹസിൽദാർ കെ. ബാലഗോപാലൻ, തഹസിൽദാർ (എൽ ആർ) അനിൽകുമാർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരും സമരസമിതിയെ പ്രതിനിധീകരിച്ച് ടി.ഐ. മധുസൂദനൻ,
സി. സത്യപാലൻ, പി. ശശിധരൻ എന്നിവരും പങ്കെടുത്തു. പുളിങ്ങോം വില്ലേജിലെ ആറാട്ടുകടവിൽ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.
ഈ കുടുംബങ്ങളിൽ ഭൂരഹിതരായവർക്ക് പെരിങ്ങോം വില്ലേജിൽ കണ്ടെത്തിയ ഭൂമി പതിച്ചു നൽകാൻ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. എരമം വില്ലേജിൽ ഒയോളത്തെ മിച്ചഭൂമി സ്കെച്ച് റിവൈസ് ചെയ്ത് ഉത്തരവിറക്കും. ഇതോടെ മിച്ചഭൂമിയായി തെറ്റായി രേഖപ്പെടുത്തിയവരുടെ പ്രശ്നത്തിന് പരിഹാരമാകും തുടങ്ങിയവയാണ് ഒത്ത് തീർപ്പ് വ്യവസ്ഥകളെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.