തൃക്കരിപ്പൂർ: കേരള സർക്കാർ ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന "പച്ചത്തുരുത്ത്" നിർമ്മിതിയിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന് ദേശീയ തലത്തിൽ അംഗീകാരം. 17 ന് ദേശീയ തലത്തിൽ നടക്കുന്ന വെബിനാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ ഏഴ് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തൃക്കരിപ്പൂരും ഉൾപെടും. സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ നിർമ്മിച്ച ഗ്രാമ പഞ്ചായത്താണ് തൃക്കരിപ്പൂർ എന്ന് ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ: ടി.എൻ. സീമ സ്ഥിരീകരിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നിയന്ത്രിക്കാനുതകുന്ന മനുഷ്യ നിർമ്മിതമായ ചെറു വനങ്ങളാണ് പച്ചത്തുരുത്തുകൾ. നിലവിൽ വ്യത്യസ്തങ്ങളായ വൃക്ഷ തൈകൾ നട്ട് 60 പച്ചത്തുരുത്തുകൾ നിർമ്മിച്ചതിൽ രണ്ട് തുരുത്തുകൾ പേര, സീതാ പ്പഴം എന്നീ ഫലവൃക്ഷ തൈകൾ നട്ടും, മറ്റൊന്ന് പേരതൈകൾ മാത്രം ഉള്ളതുമാണ്. മൂന്ന് തുരുത്തുകൾ മുരിങ്ങാ തൈകൾ മാത്രം നട്ട് ഒരുക്കിയതാണ്. ഗ്രാമ പഞ്ചായത്ത് ഓഫീസ് പറമ്പിലെ ഒരു പച്ചത്തുരുത്തിൽ 75 വ്യത്യസ്ത ഔഷധ സസ്യങ്ങൾ നിലവിൽ നട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും, ഫയർ സ്റ്റേഷൻ, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക്, തൃക്കരിപ്പൂർ വീവേഴ്സ് സൊസൈറ്റി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം ചെടികൾ നട്ട് പരിപാലിച്ചു വരുന്നുണ്ട്.
പച്ചത്തുരുത്തിന്റെ സംസ്ഥാന തല പ്രഖ്യാപനം 15 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. സി.എച്ച്. മുഹമ്മദ് കോയ സ്മാരക ടൗൺഹാളിൽ നടക്കുന്ന പഞ്ചായത്ത് തല പ്രഖ്യാപനത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പി.പി.കെ പൊതുവാൾ പ്രശസ്തി പത്രം പ്രസിഡന്റ് വി.പി. ഫൗസിയയ്ക്ക് നൽകും.